ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ വ്യാഴം, വെള്ളി (ജൂലൈ 15, 16) ദിവസങ്ങളിൽ ശക്തമായ മഴയ്ക്കുള്ള സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലെർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 64.5 മുതൽ 115.5 മില്ലീ മീറ്റർ വരെയുള്ള മഴയാണ് ലഭിക്കാനിടയുള്ളത്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ല കളക്ടർ അറിയിച്ചു. ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ നദികൾ മുറിച്ചു കടക്കാനോ നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റാവശ്യങ്ങൾക്കോ ഇറങ്ങാൻ പാടുള്ളതല്ല. കാറ്റിൽ മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണ്. ജൂലൈ 17 വരെ കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ നിന്ന് മത്സ്യബന്ധനത്തിനു പോകാൻ പാടില്ല. കേരള തീരത്ത് വിഴിഞ്ഞം മുതൽ കാസർഗോഡ് വരെ ഇന്ന്(ജൂലൈ 14) രാത്രി 11.30 വരെ 2.5 മുതൽ 3.5 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു.