മലപ്പുറം: പട്ടികവര്‍ഗ കോളനികളില്‍ ഇന്റര്‍നെറ്റ് കണക്ടിവിറ്റി ഇല്ലാത്തതിനാല്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് പ്രയാസം നേരിടുന്ന വിദ്യാര്‍ത്ഥികളുടെ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണുന്നതിനായി മലപ്പുറം  ജന്‍ ശിക്ഷണ്‍ സന്‍സ്ഥാന്‍ തയ്യാറാക്കിയ പദ്ധതിക്ക്  നബാര്‍ഡും ജില്ലാ ഭരണകൂടവും അംഗീകാരം നല്‍കി.

പി. വി. അബ്ദുള്‍ വഹാബ് എം.പി. ദത്തെടുത്ത ചാലിയാര്‍ ഗ്രാമ പഞ്ചായത്തിലെ അമ്പുമല, വെറ്റിലക്കൊല്ലി, പാലക്കയം എന്നീ കോളനികളില്‍ മികവുറ്റ രീതിയില്‍ വൈഫൈ സംവിധാനം ഏര്‍പ്പെടുത്തുന്നതിന് ജെ.എസ്.എസിന്റെ ടെക്‌നോളജി പാട്ണറായ സിഫോര്‍ സോഷ്യല്‍കമ്പ്യൂട്ടിങിന്റെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

സിഫോര്‍ സോഷ്യല്‍ കമ്പ്യൂട്ടിങിന്റെ സഹായത്തോടെ വികസിപ്പിച്ച സാങ്കേതിക വിദ്യ അനുസരിച്ച് നിലമ്പൂര്‍ ഇന്ദിരാഗാന്ധി ഗവ.സ്‌കൂളില്‍ സ്ഥാപിക്കുന്ന ബേസ് സ്റ്റേഷനില്‍ നിന്നും മൂന്ന് കോളനികളിലും ചെറിയ ടവറുകള്‍ സ്ഥാപിച്ച് 24 മണിക്കൂര്‍ തടസമില്ലാത്ത 100 എം.പി.ബി.എസ് സ്പീഡില്‍ ഇന്റര്‍നെറ്റ്  സേവനം നല്‍കാന്‍ കഴിയും. മെയിന്റന്‍സ് ചെലവ് തീരെ കുറവായ ഈ സാങ്കേതിക വിദ്യയും സംവിധാനവും ഉപയോഗപ്പെടുത്തി നിലമ്പൂര്‍ മേഖലയിലെ എല്ലാ കോളനികളിലേക്കും കണക്ടിവിറ്റി എത്തിക്കാന്‍ സാധിക്കും. നബാര്‍ഡിന്റെ അടിസ്ഥാന ഗ്രാമീണ വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഈ പദ്ധതിക്കായി തുക അനുവദിച്ചിരിക്കുന്നത്.

നബാര്‍ഡിന് പുറമെ മലപ്പുറം ജെ.എസ്.എസ് ചെലവ് വഹിക്കുന്നുണ്ട്. നബാര്‍ഡിന്റെ 40 -ാം മത്  സ്ഥാപക ദിനത്തോടനുബന്ധിച്ചാണ് ഈ പദ്ധതി അംഗീകരിച്ചിരിക്കുന്നത്. ജില്ലാ ഭരണകൂടം നിയമിച്ച സംസ്ഥാനതല വിദഗ്ധ സമിതി ഈ പദ്ധതിക്ക് അംഗീകാരം നല്‍കുകയും ചെയ്തിട്ടുണ്ട്. സംസ്ഥാനതലത്തില്‍ തന്നെ കണക്ടിവിറ്റി ഇല്ലാത്ത മുഴുവന്‍ സ്ഥലങ്ങളിലേക്കും ഈ സാങ്കേതിക വിദ്യ കൈമാറാന്‍ ജെ.എസ്.എസും സിഫോര്‍ സോഷ്യല്‍ കമ്പ്യൂട്ടിങും സമ്മതിച്ചിട്ടുണ്ട്. പത്ത് ദിവസത്തിനകം പദ്ധതി പൂര്‍ത്തീകരിച്ച് കമ്മീഷന്‍ ചെയ്യാനാണ് ജെ.എസ്.എസ് ആസൂത്രണം ചെയ്തിരിക്കുന്നത്. ഇതേ സാങ്കേതിക വിദ്യ ഉപയോഗിച്ച് ടെലി മെഡിസിന്‍, കൗണ്‍സലിങ്, ആരോഗ്യ ബോധവത്ക്കരണ ക്ലാസുകള്‍ എന്നിവ നടത്താനും സാധിക്കും.

നബാര്‍ഡിന്റെ 40-ാം മത് സ്ഥാപകദിനത്തോടനുബന്ധിച്ച് നടന്ന സംസ്ഥാന തല പരിപാടിയില്‍ പ്രൊജക്ടിന്റെ അനുമതി പത്രം നബാര്‍ഡിന്റെ ജില്ലാ വികസന മാനേജര്‍ മുഹമ്മദ് റിയാസ്, ജെ.എസ്.എസ് ചെയര്‍മാന്‍ പി.വി. അബ്ദുള്‍ വഹാബ് എം.പിക്ക് കൈമാറി. നബാര്‍ഡ് കേരള ചീഫ് ജനറല്‍ മാനേജര്‍ പി. ബാലചന്ദ്രന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ലീഡ് ബാങ്ക് മാനേജര്‍ പി.പി. ജിതേന്ദ്രന്‍, സമദ് ചീമാടര്,      ജെ.എസ്.എസ് ഡയറക്ടര്‍ വി. ഉമ്മര്‍ കോയ എന്നിവര്‍ സംസാരിച്ചു.