എറണാകുളം: റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിക്കുന്ന നിർദ്ദിഷ്ട കുമരകം – നെടുമ്പാശ്ശേരി സംസ്ഥാന പാതയുടെ ഭാഗമായ പെരുവ – പെരുവാംമുഴി റോഡിന്റെ നിർമാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ വ്യാഴാഴ്ച രാവിലെ 11 മണിക്ക് ഓൺ ലൈനിൽ നിർവഹിക്കും. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ചടങ്ങിൽ അധ്യക്ഷത വഹിക്കും.
21 കിലോമീറ്റർ ദൈർഘ്യമുള്ള റോഡിന്റെ നിർമാണ ചുമതല പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള കെ.എസ്.ടി.പിക്കാണ്. പിറവം മാം ഓഡിറ്റോറിയത്തിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ അനൂപ് ജേക്കബ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. വിശിഷ്ടാതിഥികളായി തോമസ് ചാഴികാടൻ എം.പി, മോൻസ് ജോസഫ് എംഎൽഎ എന്നിവർ പങ്കെടുക്കും.
എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, കോട്ടയം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. എസ് ശരത്, പിറവം നഗരസഭ ചെയർപേഴ്സൺ ഏലിയാമ്മ ഫിലിപ്പ്, പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആലീസ് ഷാജു എന്നിവർ സന്നിഹിതരായിരിക്കും. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ചടങ്ങിലേക്കുള്ള പ്രേവേശനത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.