ജില്ലയില്‍ ഒന്നാംവിള കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ സജീവമായി തുടരുന്നതായി കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ (വാട്ടര്‍ മാനേജ്മെന്റ്) അറിയിച്ചു. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ ജില്ലയില്‍ ആകെ 32,203 ഹെക്ടറിലാണ് ഒന്നാംവിള നെല്‍കൃഷിയിറക്കിയിട്ടുള്ളത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷവും ഏകദേശം ഇത്രത്തോളം സ്ഥലത്ത് ഒന്നാംവിള കൃഷി നടത്തിയിരുന്നു.

പാലക്കാട് ജില്ലയില്‍ ഒന്നാംവിള നെല്‍കൃഷി സജീവം… ചിറ്റൂര്‍ മേഖലയിലെ പാടശേഖരങ്ങളില്‍ നിന്നുള്ള ദൃശ്യം.

പ്രധാനമായും കുഴല്‍മന്ദം മേഖലയില്‍ 6040 ഹെക്ടറിലും കൊല്ലങ്കോട് മേഖലയില്‍ 5500 ഹെക്ടറിലുമാണ് ഇപ്രാവശ്യം ഒന്നാം വിള കൃഷിയിറക്കിയിട്ടുള്ളത്. ചിറ്റൂര്‍ 5000 ഹെക്ടര്‍, നെന്മാറ 4700, ആലത്തൂര്‍ 4600, മലമ്പുഴ 2300, ഷൊര്‍ണ്ണൂര്‍ 1325, പാലക്കാട് 1711, പട്ടാമ്പി 600, തൃത്താല 352, ശ്രീകൃഷ്ണപുരം 75 ഹെക്ടര്‍ എന്നിങ്ങനെയാണ് ബ്ലോക്ക്  തിരിച്ചുള്ള കണക്കുകള്‍. മറ്റു ബ്ലോക്കുകളായ മണ്ണാര്‍ക്കാട് മേഖലയില്‍ ഒന്നാംവിളയേക്കാള്‍ (വിരിപ്പ്) രണ്ടാം വിള (മുണ്ടകന്‍) കൃഷിക്കാണ് പ്രാധാന്യം നല്‍കുന്നത്. അട്ടപ്പാടി മേഖലയില്‍ നെല്‍കൃഷി ഇല്ല. ജലക്ഷാമം അനുഭവപ്പെട്ട സ്ഥലങ്ങളില്‍ ഡാമുകള്‍ തുറന്നു നല്‍കിയതും തുടര്‍ന്ന് പെയ്ത മഴയും ഒന്നാംവിള കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകമായതായും കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.


2020-21 സാമ്പത്തിക വര്‍ഷം ഒന്നാംവിള കൃഷിയില്‍ സപ്ലൈകോയില്‍ രജിസ്റ്റര്‍ ചെയ്ത 45,333 കര്‍ഷകരില്‍ നിന്ന് 24,200 ഹെക്ടറില്‍ നിന്നായി 13,01,26154 കിലോ നെല്ലാണ് സംഭരിച്ചതെന്ന് പാഡി മാര്‍ക്കറ്റിംഗ് ഓഫീസര്‍ അറിയിച്ചു.