പാലക്കാട്: സംസ്ഥാനത്ത് സിക വൈറസ് റിപ്പോര്ട്ട് ചെയ്ത സാഹചര്യത്തില് പ്രതിരോധത്തിനും ചികിത്സയ്ക്കും ഭാരതീയ ചികിത്സ വകുപ്പ് സജ്ജമായതായി ജില്ലാ മെഡിക്കല് ഓഫീസര് (ആയുര്വേദം) ഡോ. എസ്. ഷിബു അറിയിച്ചു. നേരിയ പനി, ശരീരത്തില് ചുവന്ന പാടുകള്, സന്ധി വേദന, തലവേദന എന്നിവയാണ് വൈറസ് ബാധയുടെ ലക്ഷണങ്ങള്. കൊതുക് ജന്യരോഗമായതിനാല് കൊതുകുകടി ഏല്ക്കാതെ രക്ഷ നേടുകയാണ് സികയെ പ്രതിരോധിക്കാനുള്ള പ്രധാനമാര്ഗം.
സൂക്ഷ്മാണു നാശനത്തിന് ഫലപ്രദമാണെന്ന് ശാസ്ത്രീയമായ തെളിഞ്ഞിട്ടുള്ള ‘അപരാജിത ധൂപ ചൂര്ണ്ണം’ വീടുകളിലും സ്ഥാപനങ്ങളിലും പതിവായി ഉപയോഗിക്കുന്നത് രോഗപ്രതിരോധത്തിന് ഫലപ്രദമാണ്. പകല് സമയത്തും വൈകിട്ടും കൊതുക് കടിയില് നിന്നും സംരക്ഷണം തേടണം. ഗര്ഭിണികള്, ഗര്ഭധാരണത്തിനായി തയ്യാറെടുക്കുന്ന സ്ത്രീകള്, കൊച്ചുകുട്ടികള്, രോഗപ്രതിരോധശേഷി കുറഞ്ഞവര് പ്രത്യേക ശ്രദ്ധ പുലര്ത്തണം.
കൊതുകിന്റെ ഉറവിട നശീകരണവും പ്രധാനമാണ്. സിക രോഗപ്രതിരോധത്തിന് ആരോഗ്യവകുപ്പ് നിര്ദ്ദേശിച്ച കാര്യങ്ങളോടൊപ്പം ഭാരതീയ ചികിത്സ വകുപ്പിന്റെ മാര്ഗനിര്ദേശങ്ങളും ഉള്പ്പെടുത്തിയാല് രോഗബാധ പരമാവധി കുറയ്ക്കാനാവുമെന്നും ജില്ലാ മെഡിക്കല് ഓഫീസര് (ആയുര്വേദം) അറിയിച്ചു.