മലപ്പുറം: ജില്ലാ വ്യവസായ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് വ്യവസായ സംരംഭങ്ങള്‍ നടത്തുന്നവരുടേയും പുതുതായി തുടങ്ങാന്‍ ആഗ്രഹിക്കുന്നവരുടേയും പരാതികളും പ്രശ്‌നങ്ങളും നേരിട്ട് കേള്‍ക്കുന്നതിനായി വ്യവസായവകുപ്പ് മന്ത്രി പി. രാജീവ് ജില്ലയില്‍ ‘മീറ്റ് ദ മിനിസ്റ്റര്‍’ പരിപാടി സംഘടിപ്പിക്കുന്നു.
വ്യവസായ നടത്തിപ്പുമായി ബന്ധപ്പെട്ട് അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളും തടസങ്ങളും സംരംഭകര്‍ക്ക് മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്താം. അത്തരം പരാതികള്‍ ബന്ധപ്പെട്ട വകുപ്പുകളിലൂടെ തന്നെ പരിഹരിക്കുകയും വ്യവസായ നടത്തിപ്പ് സുഗമമാക്കുകയുമാണ് ലക്ഷ്യം.
ജില്ലയില്‍ പരാതികളോ പ്രശ്‌നങ്ങളോ ശ്രദ്ധയില്‍പ്പെടുത്താനുള്ളവര്‍ ജില്ലാ വ്യവസായ കേന്ദ്രത്തില്‍ നേരിട്ടോministermlp2021@gmail.com എന്ന ഇ-മെയില്‍ വഴിയോ മുന്‍കൂട്ടി അപേക്ഷ നല്‍കണം. അപേക്ഷയോടൊപ്പം പൂര്‍ണമായ മേല്‍ വിലാസവും മൊബൈല്‍ ഫോണ്‍ നമ്പറും വ്യക്തമായി സൂചിപ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ 0483 2737405 എന്ന നമ്പറില്‍ ബന്ധപ്പെടാം. പരിപാടിയുടെ തീയതിയും വേദിയും പിന്നീട് അറിയിക്കുമെന്ന് ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ അറിയിച്ചു.