മലപ്പുറം:   പോസ്റ്റ് ഓഫീസ് ആര്‍.ഡി പദ്ധതിയില്‍ അംഗങ്ങളായിട്ടുള്ള നിക്ഷേപകര്‍ അംഗീകൃത ഏജന്റുമാര്‍ മുഖേനയോ  നേരിട്ടോ പോസ്റ്റ് ഓഫീസ് നിക്ഷേപം നടത്തണമെന്ന് ദേശീയ സമ്പാദ്യ പദ്ധതി ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. ഏജന്റിന്റെ കൈവശം തുക ഏല്‍പ്പിക്കുമ്പോള്‍ തുക നല്‍കിയ ഉടന്‍ തന്നെ ഇന്‍വെസ്റ്റേഴ്‌സ് കാര്‍ഡില്‍ ഏജന്റിന്റെ കയ്യൊപ്പും വാങ്ങണം.

നിക്ഷേപകന്‍ നല്‍കിയ തുക പോസ്റ്റ് ഓഫീസില്‍ അടച്ചതിനുള്ള ആധികാരികമായ രേഖ പോസ്റ്റ് മാസ്റ്റര്‍ ഒപ്പിട്ട് സീല്‍ വച്ച് നല്‍കുന്ന പാസ് ബുക്ക് മാത്രമായതിനാല്‍ എല്ലാ മാസവും തുക നല്‍കുന്നതിന് മുന്‍പ് പാസ് ബുക്കില്‍ യഥാസമയം രേഖപ്പെടുത്തലുകള്‍ വരുത്തിയിട്ടുണ്ടെന്ന് നിക്ഷേപകര്‍ പരിശോധിച്ച് ഉറപ്പുവരുത്തണം.

പോസ്റ്റ് ഓഫീസ് ആര്‍.ഡി. സുരക്ഷിതമായ ഒരു ലഘു സമ്പാദ്യ പദ്ധതിയാണ്. നിക്ഷേപകരുടെ സാമ്പത്തിക സുരക്ഷിതത്വം മുന്‍നിര്‍ത്തിയാണ് പദ്ധതി നടപ്പാക്കിയിട്ടുള്ളത്. പദ്ധതിയുമായി എന്തെങ്കിലും പരാതികളുണ്ടെങ്കില്‍ ദേശീയ സമ്പാദ്യ പദ്ധതി ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ 0483 2737477.