തിരുവനന്തപുരം: നെയ്യാറ്റിന്‍കര ജില്ലാ ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റില്‍ കോവിഡ് രോഗികള്‍ക്കായി ഒരുക്കിയ പ്രത്യേക സജ്ജീകരണത്തിന്റെ ഉദ്ഘാടനവും പുതിയ എഫ്ളൂവെന്റ് ട്രീറ്റ്‌മെന്റ് പ്ലാന്റ് നിര്‍മ്മാണോദ്ഘാടനവും ശുചിത്വമിഷന്റെ സഹായത്തോടെ നിര്‍മ്മിച്ച ബയോപാര്‍ക്ക് ഉദ്ഘാടനവും നിയമസഭാ സ്പീക്കര്‍ എം.ബി. രാജേഷ് നിര്‍വഹിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ്‌കുമാര്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ എം.എല്‍.എ. മാരായ കെ. ആന്‍സലന്‍, സി.കെ. ഹരീന്ദ്രന്‍ എന്നിവര്‍ മുഖ്യ അതിഥികളായി.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ഷൈലജാ ബീഗം, നെയ്യാറ്റിന്‍കര നഗരസഭ ചെയര്‍മാന്‍ പി. കെ. രാജ് മോഹന്‍, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ വി. എസ്. ബിനു, സൂര്യ എസ് പ്രേം, വിനോദ് കോട്ടുകാല്‍, നെയ്യാറ്റിന്‍കര നഗരസഭ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജോസ് ഫ്രാങ്ക്‌ളിന്‍, വാര്‍ഡ് കൗണ്‍സിലര്‍ ആര്‍. അജിത, ആശുപത്രി സൂപ്രണ്ട് ഡോ. എസ്. വത്സല, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഡി. രാജേഷ് തുടങ്ങിയവര്‍ സംബന്ധിച്ചു.
ജില്ലാ പഞ്ചായത്തിന്റെ ‘ആശ്വാസ്’ പദ്ധതിപ്രകാരം ജില്ലയിലെ ഗ്രാമീണ മേഖലയിലെ നിര്‍ധനരായ ഏകദേശം ആയിരത്തിനടുത്ത് വൃക്ക രോഗികള്‍ക്ക് സൗജന്യ ഡയാലിസിസ് സൗകര്യം വിവിധ ആശുപത്രികളിലായി ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പ്രതിമാസം അഞ്ച് ഡയാലിസിസ് ആണ് ഇവര്‍ക്ക് ജില്ലാ പഞ്ചായത്ത് മുഖേന സൗജന്യമായി നല്‍കുന്നത്. സൗജന്യ ഡയാലിസിസിന് പുറമെ കരള്‍, വൃക്ക എന്നിവ മാറ്റിവെച്ച നിര്‍ധനരായ നൂറുകണക്കിന് വ്യക്തികള്‍ക്ക് പ്രതിമാസം നിശ്ചിത വിലയ്ക്കുള്ള മരുന്നുകള്‍ സൗജന്യമായി വീട്ടിലെത്തിച്ചു കൊടുക്കുന്ന പദ്ധതിയും തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് വിജയകരമായി നടപ്പിലാക്കുന്നുണ്ട്.
ആശുപത്രിയില്‍ പുതുതായി നിര്‍മ്മിച്ച കെട്ടിടങ്ങളിലെയും മലിനജലം ശാസ്ത്രീയമായി ശുദ്ധീകരിച്ചു പുനരുപയോഗത്തിന് യോഗ്യമാക്കാന്‍ സാധിക്കുന്ന നിലയില്‍ ഒരു ലക്ഷം ലിറ്റര്‍ കപ്പാസിറ്റിയുള്ള എഫ്‌ലൂവെന്റ് ട്രീറ്റ്‌മെന്റ് പ്ലാന്റ് വിപുലീകരിക്കുന്നതിനാണ് ജില്ലാ പഞ്ചായത്ത് 30 ലക്ഷം രൂപയ്ക്ക് പദ്ധതി തയാറാക്കിയിട്ടുള്ളത്.
ഓപ്പറേഷന്‍ തീയേറ്റര്‍, ടോയിലെറ്റ്, അലക്ക് യൂണിറ്റ് എന്നിവിടങ്ങളില്‍ നിന്നുള്ള വേസ്റ്റ് വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റ് വഴി ട്രീറ്റ്‌മെന്റ് നടത്തി തിരികെ ഫ്‌ളഷിങ് സിസ്റ്റത്തിലേക്ക് പുനരുപയോഗിക്കുന്നതിന് വേണ്ടിയാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ബയോപാര്‍ക്ക് നിലവില്‍വരുന്നതോടെ ആശുപത്രിയിലെ ജൈവ മാലിന്യസംസ്‌കരണത്തിന് പരിഹാരമാകും.