കാസർഗോഡ്: 79-മത് സാമൂഹിക സാമ്പത്തിക സർവേയുടെ പൈലറ്റ് സർവ്വേ ജൂലൈ 15 ന് തുടങ്ങും. ആരോഗ്യം, വിദ്യാഭ്യാസം, ഇൻഫർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻസ് ടെക്‌നോളജി എന്നീ മൂന്ന് മൊഡ്യൂളുകൾ ചേർന്ന വാർഷിക മൊഡ്യൂളർ സർവേയും ആയുഷ് സർവ്വേയുമാണ് 79ാമത് സാമൂഹിക സാമ്പത്തിക സർവേയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
വിവരശേഖരണത്തിന് എടുക്കുന്ന സമയം, വിവിധ ചോദ്യങ്ങളുടെ ക്രമം, വിവരശേഖരണത്തിന്റെ അനായാസത തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കാനാണ് പൈലറ്റ് സർവേ നടത്തുന്നത്. കുടുംബത്തിലെ ഓരോ അംഗത്തിന്റെയും വിദ്യാഭ്യാസ നിലവാരവും വിവിധ യോഗ്യതകളും പ്രത്യേകം രേഖപ്പെടുത്തും.
കമ്പ്യൂട്ടർ, മൊബൈൽ തുടങ്ങിയവയുടെ ഉപയോഗം, ഇൻറർനെറ്റ് ഉപയോഗം സംബന്ധിച്ച് കുടുംബാംഗങ്ങളുടെ കഴിവ്, ആയുർവേദം, യൂനാനി, ഹോമിയോ, യോഗ ഉൾപ്പെടെ ആയുഷിന്റെ വിവിധ വിഭാഗങ്ങളിലായി കുടുംബത്തിലെ ഓരോ അംഗങ്ങളും നടത്തിയ ചികിത്സകളുടെയും ചെലവുകളുടെയും വിവരങ്ങൾ, ഗർഭകാലത്തും പ്രസവത്തിന് ശേഷവും നടത്തിയ ആയുഷ് ചികിത്സകൾ തുടങ്ങിയ കാര്യങ്ങളാണ് പൈലറ്റ് സർവ്വേയിൽ ശേഖരിക്കുന്നത്.
പൈലറ്റ് സർവേ കോവിഡ് വ്യാപനം കുറഞ്ഞ സ്ഥലങ്ങളിലെ 32 വീടുകളിൽ ഒരാഴ്ച കൊണ്ട് പൂർത്തിയാക്കും. ജൂലൈയിൽ തുടങ്ങേണ്ടിയിരുന്ന 79ാമത് സാമൂഹിക സാമ്പത്തിക സർവ്വേ രണ്ടുമാസത്തിനുശേഷം തുടങ്ങുമെന്ന് കോഴിക്കോട് നാഷനൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് ഡയറക്ടർ എഫ്. മുഹമ്മദ് യാസിർ അറിയിച്ചു.