കാസർഗോഡ്: 17 മത്സ്യത്തൊഴിലാളികൾക്ക് കടാശ്വാസമായി ആകെ 3,54,732 രൂപ അനുവദിക്കാൻ സംസ്ഥാന മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷൻ ശുപാർശ ചെയ്തു. ജില്ലയിൽ നിന്നുള്ള കടാശ്വാസ അപേക്ഷകൾ പരിഗണിക്കാൻ സംസ്ഥാന മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷൻ ഓൺലൈനായി നടത്തിയ സിറ്റിങ്ങിലാണ് തീരുമാനം.
കമ്മീഷൻ ചെയർപേഴ്‌സൺ ജസ്റ്റിസ് പി എസ്. ഗോപിനാഥൻ അധ്യക്ഷനായ യോഗത്തിൽ കമ്മീഷൻ അംഗം കൂട്ടായി ബഷീർ പങ്കെടുത്തു.
ഉദുമ-പനയാൽ കോ-ഓപറേറ്റീവ് അർബൻ സൊസൈറ്റി, കോട്ടച്ചേരി സർവീസ് സഹകരണ ബാങ്ക്, ഹോസ്ദുർഗ് സർവീസ് സഹകരണ ബാങ്ക്, ഉദുമ സർവീസ് സഹകരണ ബാങ്ക്, തൈക്കടപ്പുറം കടപ്പുറം മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘം, ഷിറിയ മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘം, ഷിറിയ മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘം, തൈക്കടപ്പുറം-പുഞ്ചാവി കടപ്പുറം മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘം എന്നിവിടങ്ങളിൽ നിന്നും വായ്പയെടുത്ത 17 മത്സ്യത്തൊഴിലാളികൾക്കാണ് കടാശ്വാസമായി 3,54,732 രൂപ അനുവദിക്കാൻ ശുപാർശ ചെയ്തത്.
കോട്ടച്ചേരി സർവ്വീസ് സഹകരണ ബാങ്ക്, ഉദുമ വനിത സർവീസ് സഹകരണ സംഘം എന്നിവിടങ്ങളിൽ നിന്നും എടുത്ത വായ്പകളുടെ ലഡ്ജർ കോപ്പികളും സംഘം ഭരണ സമിതി തീരുമാനങ്ങളും കമ്മീഷന് ലഭ്യമാക്കാൻ നിർദേശിച്ചു. കോട്ടച്ചേരി സർവ്വീസ് സഹകരണ ബാങ്കിൽ നിന്നെടുത്ത 2,40,000 രൂപയുടെ മറ്റൊരു വായ്പ പരിഗണിക്കാൻ അപേക്ഷകൻ മത്സ്യത്തൊഴിലാളിയാണെന്നത് പരിശോധിക്കുന്നതിന് ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറിൽ നിന്നും റിപ്പോർട്ട് ആവശ്യപ്പെട്ടു.
സിറ്റിങ്ങിൽ 46 കടാശ്വാസ അപേക്ഷകൾ കമ്മീഷൻ പരിഗണിച്ചു. കാസർകോട് മുൻസിപ്പാലിറ്റി വനിത മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘത്തെ പ്രതിനിധീകരിച്ച് ആരും ഹാജരാകാത്തതിനാൽ അഞ്ച് അപേക്ഷകൾ അടുത്ത സിറ്റിംഗിലേക്ക് മാറ്റി വെച്ചു. കാസർകോട് ജില്ല സഹകരണ ജോയിന്റ് രജിസ്ട്രാർ, ജോയിന്റ് ഡയറക്ടർ ഓഫീസിൽ നിന്നുള്ള ഉദ്യോഗസ്ഥരും വിവിധ ധനകാര്യ സ്ഥാപനങ്ങളുടെ പ്രതിനിധികളും പങ്കെടുത്തു.