തിരുവനന്തപുരം: ഗര്‍ഭിണികള്‍ക്കുള്ള കോവിഡ് വാക്സിനേഷന്‍ പരിപാടിയായ ‘മാതൃകവചം’ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം 16നു നടക്കും. തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ രാവിലെ 10ന് ജില്ലാ കലക്ടറുടെ സാന്നിധ്യത്തിലാണു ചടങ്ങ്.
തിരുവനന്തപുരം എസ്.എ.ടി ആശുപത്രി, നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രി, പാറശ്ശാല താലൂക്ക് ആസ്ഥാന ആശുപത്രി, വര്‍ക്കല താലൂക്ക് ആശുപത്രി, വിതുര താലൂക്ക് ആശുപത്രി, പേരൂര്‍ക്കട ജില്ലാ മോഡല്‍ ആശുപത്രി, നെടുമങ്ങാട് ജില്ലാ ആശുപത്രി, ആറ്റിങ്ങല്‍ താലൂക്ക് ആശുപത്രി, ചിറയിന്‍കീഴ് താലൂക്ക് ആസ്ഥാന ആശുപത്രി എന്നിവിടങ്ങളില്‍ 100 ഗര്‍ഭിണികള്‍ക്കു വീതം സ്പോട്ട് രജിസ്ട്രേഷനിലൂടെ പദ്ധതിയുടെ ഭാഗമായി വാക്സിനേഷന്‍ സൗകര്യം ലഭ്യമാണ്.
വാക്സിന്‍ ലഭ്യത അനുസരിച്ച് തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഗര്‍ഭിണികള്‍ക്കുള്ള കോവിഡ് വാക്സിനേഷന്‍ എല്ലാ  ആശുപത്രികളിലും ലഭ്യമാക്കുന്നതാണ്. ഗര്‍ഭിണികള്‍ക്ക് ഗര്‍ഭാവസ്ഥയുടെ ഏതു കാലയളവിലും കോവിഡ് വാക്സിന്‍ സ്വീകരിക്കാം. കോവിഡ് വാക്സിന്‍ ഗര്‍ഭിണികള്‍ക്ക്  സുരക്ഷിതമാണെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.