ജില്ലയില്‍ കുളമ്പുരോഗ പ്രതിരോധത്തിനുള്ള വാക്‌സിനേഷന്‍ ഊര്‍ജിതമാക്കി. മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നിലവില്‍ 2056 കന്നുകാലികളിലാണ്  വാക്‌സിനേഷന്‍ നടത്തിയത്.  രോഗം റിപ്പോര്‍ട്ട് ചെയ്ത ജില്ലയിലെ 17 പഞ്ചായത്തുകളില്‍ രോഗബാധ കണ്ടെത്തിയ സ്ഥലത്തിന്റെ അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ റിങ് വാക്‌സിനേഷന്‍ ആണ് നടത്തുന്നത്.

333 കന്നുകാലികളില്‍ ആണ് രോഗബാധ റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ ഒരു പശുവും രണ്ട് കാളകളും 16 പശു കുട്ടികളും ചത്തിരുന്നു. രോഗം റിപ്പോര്‍ട്ട് ചെയ്ത  പഞ്ചായത്തുകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ആറു മാസത്തിലൊരിക്കലാണ് കുളമ്പ് രോഗത്തിനുള്ള കുത്തി വെയ്പ് എടുക്കുന്നത്. എന്നാല്‍ ഒരു വര്‍ഷമായി കുത്തിവെയ്പ് നടത്തിയിട്ടില്ല. കുളമ്പു രോഗത്തിനുള്ള പ്രതിരോധ മരുന്നുകള്‍ കേന്ദ്രസര്‍ക്കാരില്‍ നിന്നാണ് ലഭ്യമാകുന്നത്. എന്നാല്‍ കോവിഡിന്റെ  പ്രത്യേക സാഹചര്യത്തില്‍ മരുന്ന് ലഭിക്കാതായതിനാല്‍ ഒരു വര്‍ഷമായി വാക്‌സിനേഷന്‍ നല്‍കിയിട്ടില്ല. തുടര്‍ന്ന് രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് മരുന്ന് വാങ്ങുകയും കുത്തിവെയ്പ്പ് ആരംഭിക്കുകയുമായിരുന്നു.  ജില്ലയില്‍ നിലവില്‍ ആവശ്യമായത്ര വാക്‌സിന്‍ ലഭ്യമാണെന്ന് മൃഗസംരക്ഷണവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

കുളമ്പ് രോഗലക്ഷണങ്ങള്‍

കുളമ്പുകള്‍ക്കിടിയില്‍ വ്രണം, വായില്‍ നിന്നും മൂക്കില്‍ നിന്നും പത, നാക്കിലും അകിടിലും വ്രണങ്ങള്‍, ശരീരതാപനില ഉയരുക എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍.

കുളമ്പുരോഗം-ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പ്രദേശങ്ങളിലേക്ക് കന്നുകാലികളെ കൊണ്ടു പോകുന്നതും ആ പ്രദേശങ്ങളില്‍ നിന്നും കന്നുകാലികളെ മറ്റിടങ്ങളിലേക്ക് കൊണ്ടുപോകുന്നതും കര്‍ശനമായി നിയന്ത്രിക്കണം.

രോഗബാധയുള്ള പശുവിനെ  കറന്ന വ്യക്തി മറ്റൊരു പശുവിനെ കറക്കുമ്പോള്‍ കൈകള്‍ പൂര്‍ണമായും അണുവിമുക്തമാക്കണം.  കൈകളിലൂടെ രോഗം പകരാന്‍ സാധ്യതയുണ്ട്. രോഗബാധയില്ലാത്ത പശു ആണെങ്കിലും ഈ കാര്യം പ്രത്യേകം ശ്രദ്ധിക്കണം.

മേയാന്‍ വിടുമ്പോള്‍ രോഗബാധയുള്ള പശുവിനോടൊപ്പം മറ്റു പശുക്കളെ മേയാന്‍ വിടരുത്.

പുതിയ പശുവിനെ വാങ്ങിയാല്‍ വീട്ടിലുള്ള മറ്റ് പശുക്കളോടൊപ്പം നിര്‍ത്താതെ കുറഞ്ഞത് മൂന്ന് ആഴ്ചയെങ്കിലും മാറ്റിനിര്‍ത്തണം.

രോഗ ലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ ഉടന്‍ തന്നെ ഡോക്ടറെ അറിയിക്കുകയും വാക്‌സിനേഷന്‍ എടുക്കുകയും ചെയ്യണം.