യുവ സംരംഭകര്‍ക്കായി അമേരിക്ക ആസ്ഥാനമായ ടൈഗ്ലോബല്‍ നടത്തിയ മത്സരത്തില്‍ ജനപ്രീതിയുള്ള ഉല്പന്നത്തെ ‘കാപ്പിഫൈല്‍ ‘ അവതരിപ്പിച്ച ടീമിനുള്ള പോപ്പുലര്‍ ചോയ്‌സ് അവാര്‍ഡ് നേടി രാജ്യത്തിനു തന്നെ അഭിമാനമായി മാറിയ എറണാകുളം ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥികളായ വി.സൗന്ദര്യ ലക്ഷ്മി, എലീഷ അനോറി കടുത്തൂസ്, ഡിംപല്‍ വി., ശിവനന്ദന എന്നിവരെ അനുമോദിക്കുന്നു. ജൂലൈ 17 ശനിയാഴ്ച രാവിലെ 10ന് സ്‌കൂളില്‍ നടക്കുന്ന അനുമോദന ചടങ്ങ് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യും.
പരിപാടിക്കായി കുട്ടികളെ സ്‌പോണ്‍സര്‍ ചെയ്ത് പരിശീലിപ്പിച്ചത് ‘ടൈ കേരളയാണ്. പൂര്‍ണ്ണമായും കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് കൊണ്ടായിരിക്കും ചടങ്ങ് സംഘടിപ്പിക്കുക.
അമേരിക്ക, ആസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലെ ടീമുകളെ പിന്നിലാക്കിയാണ് കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ വിജയം നേടിയത്. ഫില്‍ട്ടര്‍ കോഫി ഗുളിക രൂപത്തില്‍ തയ്യാറാക്കുന്ന നവ സംരംഭമാണ് കുട്ടികള്‍ അവതരിപ്പിച്ചത്. ഇത് ലോകത്താകമാനമുള്ള ബിസിനസ്സ് ഗ്രൂപ്പുകളുടെ ശ്രദ്ധ പിടിച്ചുപറ്റുകയും ഏറ്റവും ജനപ്രീതിയുള്ള ഉല്‍പന്നമായി ‘കാപ്പിഫൈല്‍’ തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
യോഗത്തില്‍ ടി.ജെ. വിനോദ് എംഎല്‍എ അധ്യക്ഷത വഹിക്കും. കൊച്ചി കോര്‍പ്പറേഷന്‍ മേയര്‍ എം.അനില്‍കുമാര്‍ മുഖ്യാതിഥിയാകും. കേരള യൂണിവേഴ്‌സിറ്റി ഓഫ് ഡിജിറ്റല്‍ സയന്‍സ് ഇന്നൊവേഷന്‍ ആന്‍ഡ് ടെക്ക്‌നോളജി വൈസ് ചാന്‍സലര്‍ ഡോ.സജി ഗോപിനാഥ്, ടൈ കേരള പ്രസിഡണ്ട് അജിത് മൂപ്പന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.