ഗർഭിണികളുടെ വാക്സിനേഷന്‍ പരിപാടി മാതൃകവചത്തിന് കോട്ടയം ജില്ലയില്‍ തുടക്കമായി.കോട്ടയം ജനറല്‍ ആശുപത്രിയില്‍ ജില്ലാ കളക്ടര്‍ ഡോ. പി.കെ. ജയശ്രീ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജേക്കബ് വർഗീസ് അധ്യക്ഷത വഹിച്ചു. എ.ഡി.എം ജിനു പുന്നൂസ്, ആർ.സി.എച്ച് ഓഫീസർ ഡോ. സി. ജെ സിത്താര , ജില്ലാ മാസ് മീഡിയ ഓഫീസർ ഡോമി ജോണ്‍ തുടങ്ങിയവർ പങ്കെടുത്തു.

പ്രസവ ചികിത്സയുള്ള സര്‍ക്കാര്‍ ആശുപത്രികളിലൂടെ നടപ്പാക്കുന്ന പദ്ധതിയുടെ ആദ്യ ദിനമായ ഇന്നലെ 362 ഗർഭിണികൾ വാക്സിൻ സ്വീകരിച്ചു. 340 പേര്‍ക്ക് കോവിഷീല്‍ഡും 22 പേര്‍ക്ക് കോവാക്സിനുമാണ് നല്‍കിയത്.കോവിഡ് പ്രതിരോധ മുന്‍കരുതല്‍ പാലിച്ച് എല്ലാ ഗര്‍ഭിണികള്‍ക്കും അടുത്ത രണ്ടാഴ്ച്ചകൊണ്ട് വാക്സിന്‍ ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. നിലവിലെ കണക്കുപ്രകാരം ജില്ലയില്‍ 8585 ഗര്‍ഭിണികളാണുള്ളത്.