കോട്ടയം : ജില്ലയെ സുസ്ഥിര ടൂറിസം വികസനത്തിന്‍റെ കേന്ദ്രമാക്കാന്‍ സമഗ്ര പദ്ധതി ആവിഷ്കരിക്കുമെന്ന് പൊതുമരാമത്ത് – വിനോദ സഞ്ചാര വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. ടൂറിസം വകുപ്പിന്‍റെ ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.ജില്ലയിലെ മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും കുറഞ്ഞത് ഒരു വിനോദ സഞ്ചാര കേന്ദ്രമെങ്കിലും കണ്ടെത്തി,ഉത്തരവാദിത്വ ടൂറിസത്തിന് ഊന്നല്‍ നല്‍കിയുള്ള പ്രവര്‍ത്തനങ്ങളാകും നടപ്പാക്കുക. ഉത്തരവാദിത്വ ടൂറിസം രംഗത്തെ മാതൃകയായ കുമരകം ഉൾപ്പെടെയുള്ള നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങളുള്ള ജില്ലയാണ് കോട്ടയം.

ജനപങ്കാളിത്തത്തോടെ പെപ്പര്‍ ടൂറിസം നടപ്പാക്കി ശ്രദ്ധ നേടിയ വൈക്കവും മാതൃകാ ഉത്തരവാദിത്വ ടൂറിസം ഗ്രാമമായി പ്രഖ്യാപിക്കപ്പെട്ട അയ്മനവും കോട്ടയത്താണ്. ജില്ലയ്ക്ക് ഇനിയും അനന്തമായ സാധ്യതകളാണുള്ളത്.ഉത്തരവാദിത്വ ടൂറിസത്തിനാണ് സംസ്ഥാന സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നത്. ഈ മേഖലയില്‍ കേന്ദ്രീകരിച്ചുകൊണ്ട് പ്രാദേശിക ടൂറിസത്തിന് പ്രാധാന്യം നൽകുന്നത് സഞ്ചാരികള്‍ക്ക് പുതിയ അനുഭവങ്ങള്‍ സമ്മാനിക്കും. ഒപ്പം പ്രാദേശിക സാമ്പത്തിക വികസനത്തിനും വഴി തുറക്കും.

യു.എൻ.ഡബ്ല്യു.ടി.ഒ.യുടെ സുസ്ഥിരവികസന അജണ്ടയിൽ ഊന്നിയ പ്രവർത്തനങ്ങളാണ് കോട്ടയം ജില്ലയിലും സംസ്ഥാനത്താകെയും ഇനി നടപ്പാക്കുക. ജൂലൈ 18 ന് ജില്ലയിലെ എല്ലാ എം.എല്‍.എ മാരുടെയും സാന്നിധ്യത്തില്‍ ജില്ലയിലെ ടൂറിസം പദ്ധതികളുടെ അവലോകനം നടത്തും.ടൂറിസം വികസനം സംബന്ധിച്ച് ചർച്ച ചെയ്യുന്നതിനായി എല്ലാ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലെയും ജനപ്രതിനിധികളെ ജൂലൈ 30ന് മുന്‍പ് വിളിച്ചു ചേര്‍ക്കുന്നതിന് മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചയിൽ ഉത്തരവാദിത്വ ടൂറിസം സംസ്ഥാന മിഷൻ കോ ഓർഡിനേറ്റർ കെ. രൂപേഷ് കുമാർ, ഡെപ്യൂട്ടി ഡയറക്ടർ ജി.ശ്രീകുമാർ, ഡി.ടി.പി.സി സെക്രട്ടറി ഡോ. ബിന്ദു നായർ, ഉത്തരവാദിത്വ ടൂറിസം ജില്ലാ കോ-ഓർഡിനേറ്റർ ഭഗത് സിംഗ് എന്നിവർ പങ്കെടുത്തു.