കാസർഗോഡ്:  ധാരാളം കായിക താരങ്ങള്‍ക്ക് ജന്മമേകി പരിമിതികള്‍ക്കിടയിലും അവരെ വളര്‍ത്തി ദേശീയ അന്തര്‍ദേശീയ തലങ്ങളിലേക്കെത്തിച്ച ജില്ലയാണ് കാസര്‍കോടെന്നും കായിക മുന്നേറ്റത്തിന് വളരെയേറെ സാധ്യതകളുള്ള മണ്ണാണിതെന്നും തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു.

ജില്ലാ ഒളിമ്പിക് അസോസിയേഷന്റെ നേതൃത്വത്തില്‍ പടന്നക്കാട് ബേക്കല്‍ ക്ലബ്ബില്‍ സംഘടിപ്പിച്ച ഒണ്‍ യുവര്‍ മാര്‍ക്ക്- സമഗ്ര കായിക വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കോവിഡുമായി ബന്ധപ്പെട്ട് എല്ലാ മേഖലകളിലും വലിയൊരു സ്തംഭനം സംഭവിച്ചിട്ടുണ്ട്. കോവിഡിനെ തുടര്‍ന്ന് കായിക മേഖലയിലും വലിയ തളര്‍ച്ച വന്നിട്ടുണ്ട്.

കായികതാരങ്ങളും പരിശീലകരുമെല്ലാം വലിയൊരു മാനസീക പ്രയാസത്തിലൂടെ കടന്നു പോകുന്ന ഘട്ടമാണിത്. ഈ സമയം കായിക മേഖല കൂടുതല്‍ ലൈവായി നിര്‍ത്താന്‍ ഉതകും വിധത്തിലുള്ള പരിപാടികള്‍ ഒറ്റയ്ക്കും കൂട്ടായുമെല്ലാം സംഘടിപ്പിക്കാന്‍ കായികമേഖലയിലുള്ളവര്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും മന്ത്രി പറഞ്ഞു.

ജില്ലാ ഒളിമ്പിക് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് ടി. വി. ബാലന്‍ അധ്യക്ഷനായി. എം.എല്‍.എ മാരായ എം. രാജഗോപാലന്‍, എ.കെ.എം അഷ്‌റഫ്, ഇന്ത്യന്‍ വോളി ബോള്‍ കോച്ച് ടി.ബാലചന്ദ്രന്‍, എന്നിവര്‍ ആശംസകളറിയിച്ചു. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ഹബീബ് റഹ്മാന്‍ മുഖ്യാതിഥിയായിരുന്നു. കണ്ണൂര്‍ യൂണിവേഴ്‌സിറ്റി കായിക വിഭാഗം അസി.ഡയറക്ടര്‍ ഡോ അനൂപ് , ഡോ എം.കെ. രാജശേഖരന്‍ തുടങ്ങിയവര്‍ വിഷയാവതരണം നടത്തി.

ജില്ലാ ഒളിമ്പിക് അസോസിയേഷന്‍ സെക്രട്ടറി എം.അച്യുതന്‍ മാസ്റ്റര്‍ സ്വാഗതവും അസോസിയേഷന്‍ ട്രഷറര്‍ വി.വി.വിജയമോഹനന്‍ നന്ദിയും പറഞ്ഞു.ദേശീയ, രാജ്യാന്തര കായിക താരങ്ങള്‍, വിവിധ അസോസിയേഷന്‍ പ്രതിനിധികള്‍, പരിശീലകര്‍ തുങ്ങിയവര്‍ സെമിനാറില്‍ പങ്കെടുത്തു.