കരുനാഗപ്പള്ളി താലൂക്കില്‍ ജില്ലാ കലക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്‍ നടത്തിയ സമാശ്വാസം 2018 പരാതി പരിഹാര അദാലത്തില്‍ നിരവധി പരാതികളില്‍ തീര്‍പ്പ് കല്‍പ്പിച്ചു.
അയണിവേലിക്കുളങ്ങര ഫിഷറീസ് സ്‌കൂളിന് സമീപം മാലിന്യനിക്ഷേപം രൂക്ഷമാകുന്നുവെന്ന പരാതിയില്‍ അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശിച്ചു. മാലിന്യം ഉടനടി നീക്കം ചെയ്യാന്‍ നഗരസഭാ അധികൃതരെ ചുമതലപ്പെടുത്തി. ഇവിടെ രാത്രികാല പോലീസ് പട്രോളിംഗ് ഏര്‍പ്പെടുത്താനും നിര്‍ദേശമുണ്ട്.
കരുനാഗപ്പള്ളിയില്‍നിന്ന് പാട്ടത്തില്‍ക്കാവിലേക്കുള്ള കെ. എസ്. ആര്‍. ടി. സി. ബസ് സര്‍വീസിന്റെ സമയം പുനഃക്രമീകരിക്കണമെന്ന ആവശ്യവും തീര്‍പ്പാക്കി. രാവിലെ ഒമ്പതിനും വൈകുന്നേരം നാലു മണിക്കുമുള്ള സര്‍വീസ് 8.20, 4.50 എന്നിങ്ങനെ മാറ്റി നിശ്ചയിക്കാന്‍ ആര്‍. ടി. ഒ. യെ ചുമതലപ്പെടുത്തി.
ചക്കുവള്ളി – പുതിയകാവ് റോഡിലെ കൈയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിനായി ഭൂസ്ഥിതിവിവരം പരിശോധിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ എല്‍. ആര്‍. തഹസില്‍ദാര്‍ക്ക് നിര്‍ദേശം നല്‍കി. റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൈയ്യേറ്റം അതിവേഗം ഒഴിപ്പിക്കാനാണ് തീരുമാനം.
ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട ഗുണഭോക്തൃ പട്ടിക തയ്യാറാക്കി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തണം. താലൂക്കിലെ വിവിധ പ്രദേശങ്ങളില്‍ അപകടരമാം വിധം നില്‍ക്കുന്ന മരങ്ങള്‍ ഉടന്‍ മുറിച്ചുമാറ്റാനും കലക്ടറുടെ നിര്‍ദേശമുണ്ട്.
മുന്‍കൂട്ടി നല്‍കിയവയും പുതുതായി രജ്‌സറ്റര്‍ ചെയ്തവയും ഉള്‍പ്പടെ ആകെ 289 പരാതികളാണ് കലക്ടര്‍ പരിഗണച്ചത്. പഞ്ചായത്ത്, നഗരസഭാതലങ്ങളില്‍  അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ടുള്ള 15 പരാതികളാണ് പരിഗണിച്ചത്. റവന്യു സംബന്ധമായ 25 പരാതികളും മറ്റു വകുപ്പുകളുമായി ബന്ധപ്പെട്ട പരാതികളും അദാലത്തില്‍ എത്തി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട 90 അപേക്ഷകളുമുണ്ടായിരുന്നു.
82 പരാതികള്‍ തത്സമയം തീര്‍പ്പാക്കി. മറ്റുള്ളവ അതത് വകുപ്പുകള്‍ക്ക് കൈമാറി തുടര്‍നടപടിക്ക് നിര്‍ദേശിച്ചു.
ഡെപ്യൂട്ടി കലക്ടര്‍മാരായ ആര്‍. സുമീതന്‍പിള്ള, പി. ആര്‍. ഗോപാലകൃഷ്ണന്‍, ആര്‍. സുകു, ശശികുമാര്‍, തഹസില്‍ദാര്‍ എന്‍. സാജിതാബീഗം, അഡീഷനല്‍ തഹസില്‍ദാര്‍ എ. ഷിഹാബുദീന്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.