ഓണത്തിന് 12 ലക്ഷം മെട്രിക് ടണ്‍ പച്ചക്കറി ഉല്പാദിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുള്ളതായി കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി  അഡ്വ.വി.എസ് സുനില്‍ കുമാര്‍ പറഞ്ഞു. പാറത്തോട് ഗ്രാമപഞ്ചായത്തിന്റെയും കൃഷി ഭവന്റെയും ആഭിമുഖ്യത്തില്‍  ആരംഭിച്ച തനിമ ഓര്‍ഗാനിക് ഷോപ്പിന്റെയും ഹരിത വാരാചരണത്തിന്റെയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 42 ലക്ഷം സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും 63 ലക്ഷം കര്‍ഷകര്‍ക്കുമായി ഒരു കോടി വിത്ത് പാക്കറ്റുകള്‍ വിതരണം ചെയ്തിട്ടുണ്ട്. കൂടാതെ രണ്ട് കോടി പച്ചക്കറി തൈകള്‍ വി എഫ് പി സി കെ വഴിയും വിതരണം ചെയ്തിതിട്ടുണ്ട്. ഉല്പാദന വര്‍ദ്ധനവ് ഉണ്ടാകുന്ന സാഹചര്യം നേരിടുന്നതിന് വി എഫ് പി സി കെ യുടെ 277 ഓപ്പണ്‍ മാര്‍ക്കറ്റുകളും ഹോര്‍ട്ടികോര്‍പിന്റെ 870 ഓപ്പണ്‍ മാര്‍ക്കറ്റുകളും എല്ലാ പഞ്ചായത്തുകളിലും എക്കോ ഷോപ്പുകളും തുറക്കും. സംഭരിക്കുന്ന പച്ചക്കറികള്‍ ഏഴ് ദിവസം വരെ കറന്റ് ഇല്ലാതെ സൂക്ഷിക്കാന്‍ കഴിയുന്ന കൂള്‍ ചേംബറുകള്‍ സ്ഥാപിക്കുന്നതിനും നടപടി എടുത്തിട്ടുണ്ട്. വിപണനത്തിന് കുടുംബശ്രീ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, സഹകരണ സ്ഥാപനങ്ങള്‍ മുഖേന വിപുലമായ മാര്‍ക്കറ്റ് സൗകര്യവും ഏര്‍പ്പെടുത്തും. പച്ചക്കറികള്‍ കണ്ടെയ്‌നറുകളില്‍ കപ്പല്‍ മാര്‍ഗം കയറ്റി അയക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. ജൂണ്‍ – ജൂലൈ മാസങ്ങളില്‍ എല്ലാ വാര്‍ഡുകളിലും കര്‍ഷക സഭകള്‍ ചേര്‍ന്ന് കാര്‍ഷിക മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുമെന്നും കൃഷി വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ സോഷ്യല്‍ ഓഡിറ്റിംഗിന് വിധേയമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുള്ളതായും അദ്ദേഹം പറഞ്ഞു. പി.സി.ജോര്‍ജ് എംഎല്‍എ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു.