മുൻഗണനാപട്ടികയുടെ ശുദ്ധീകരണത്തിന്റെ ഭാഗമായി സ്വമേധയാ അനർഹ മുൻഗണനാ റേഷൻ കാർഡുകൾ തിരികെ നൽകാൻ അവസരമൊരുക്കിയപ്പോൾ സറണ്ടർ ചെയ്തത് 1,15,858 കാർഡുകൾ. തിരികെനൽകിയതിൽ എ.എ.വൈ വിഭാഗത്തിൽ 9284 ഉം, പി.എച്ച്.എച്ച് വിഭാഗത്തിൽ 61612 ഉം എൻ.പി.എസ് വിഭാഗത്തിൽ 44962 ഉം കാർഡുകൾ ഉൾപ്പെടുന്നതായി ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ. അനിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

എറ്റവും കൂടുതൽ കാർഡുകൾ സറണ്ടർ ചെയ്തത് മലപ്പുറം ജില്ലയിലാണ്- 25,021 എണ്ണം. രണ്ടാമത് പാലക്കാട് (13,038) ജില്ലയാണ്. എറണാകുളത്തും കോഴിക്കോട്ടും 10,000ന് മുകളിൽ കാർഡുകൾ സറണ്ടർ ചെയ്തിട്ടുണ്ട്.

അനർഹർ മാറിയ ഒഴിവിൽ അർഹരെ ഉൾപ്പെടുത്താൻ നടപടി സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു. 1,54,80,000 ആണ് കേന്ദ്ര സർക്കാർ അനുവദിച്ചിട്ടുള്ള മുൻഗണനാ ഗുണഭോക്താക്കളുടെ ക്വാട്ട. ഇത് വർധിപ്പിക്കണമെന്ന് കേന്ദ്രസർക്കാരിനോട് അഭ്യർഥിച്ചിട്ടുണ്ട്.

അനർഹമായി മുൻഗണനാ കാർഡ് കൈവശം വെച്ചിരുന്നവർക്ക് പിഴയോ ശിക്ഷയോ കൂടാതെ സ്വമേധയാ സറണ്ടർ ചെയ്യാനുള്ള അവസരമാണ് ജൂലൈ 15 വരെ നൽകിയിരുന്നത്. ഇതിനുശേഷവും അനർഹമായി മുൻഗണനാ കാർഡുകൾ കൈവശം വെച്ചിരിക്കുന്നവർക്കെതിരെ നിയമപരമായ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.