കൃഷിയുമായി ബന്ധപ്പെട്ട മേഖലകളില്‍ ആകര്‍ഷകമായ തൊഴില്‍ സാഹചര്യങ്ങള്‍ സൃഷ്ടിച്ച് യുവജനങ്ങളെ കാര്‍ഷിക മേഖയില്‍ എത്തിക്കുമെന്ന് കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പു മന്ത്രി വി.എസ് സുനില്‍ കുമാര്‍ പറഞ്ഞു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് 15 ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിച്ച കൂട്ടിക്കല്‍ കര്‍ഷക ഓപ്പണ്‍ മാര്‍ക്കറ്റ് കെട്ടിട സമുച്ചയത്തിന്റെയും 22 ലക്ഷം രൂപയുടെ കാര്‍ഷിക യന്ത്രങ്ങള്‍ സജ്ജമാക്കിയ കാര്‍ഷിക സേവന കേന്ദത്തിന്റെയും ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം കാര്‍ഷിക വിഭവങ്ങളെ മൂല്യവര്‍ദ്ധിത ഉല്പന്നങ്ങളുടെ വ്യവസായ സംരംഭങ്ങള്‍ തുടങ്ങാന്‍ യുവാക്കള്‍ക്ക് എല്ലാ സഹായങ്ങളും നല്‍കും. മാര്‍ക്കറ്റിംഗ് രംഗത്ത് ഇവര്‍ക്ക് അവസരമൊരുക്കും. ശാസ്ത്രീയമായി കൃഷി പുന:സംഘടിപ്പിക്കുന്നതിന് ആവശ്യമായ യന്ത്രവല്‍ക്കരണവുമായി ബന്ധപ്പെട്ടും ഏറെ തൊഴില്‍ സാധ്യതകളാണുള്ളതെന്നും പുതുതലമുറ ഇത് പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.