മലപ്പുറം:തവനൂര്‍-തിരുന്നാവായ പാലത്തിന് സ്ഥലം ഏറ്റെടുക്കുന്നതിന്റെ ഭാഗമായി വസ്തുവിവരങ്ങളും തുകയും രേഖപ്പെടുത്തിയ അവാര്‍ഡ് തവനൂര്‍ ഗ്രാമപഞ്ചായത്തില്‍ നടന്ന ചടങ്ങില്‍ ഡോ. കെ.ടി ജലീല്‍ എം.എല്‍.എ ഭൂവുടമകള്‍ക്ക് വിതരണം ചെയ്തു. സ്ഥലമുടമയില്‍ നിന്നും ഏറ്റെടുക്കുന്ന ഭൂമിയുടെയും മറ്റു വസ്തുക്കളുടെയും വിശദവിവരങ്ങളും അതിനോരോന്നിനും അവര്‍ക്കു ലഭിക്കുന്ന തുകയും രേഖപ്പെടുത്തിയതാണ് അവാര്‍ഡ്.
സ്ഥലം ഏറ്റെടുക്കുന്നതിനോടനുബന്ധിച്ച് തവനൂര്‍ ഗ്രാമ പഞ്ചായത്തില്‍ 13 ഭൂവുടമകള്‍ക്കും തിരുന്നാവായ ഗ്രാമ പഞ്ചായത്തിലെ എട്ട് ഭൂവുടമകള്‍ക്കും ഉള്‍പ്പെടെ 21 പേര്‍ക്കാണ് അവാര്‍ഡ് പേപ്പര്‍ നല്‍കിയത്. സ്ഥലം വിട്ട് നല്‍കിയ ഭൂവുടമകളുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം അടുത്ത ദിവസം തന്നെ കൈമാറും. ഇങ്ങനെ ഏറ്റടുക്കുന്ന സ്ഥലം റവന്യൂ വകുപ്പ് ഔദ്യോഗികമായി റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന് കൈമാറും. സ്ഥലത്തിന്റെ ശരിയായ രേഖകള്‍ സമര്‍പ്പിക്കാന്‍ കഴിയാത്തവര്‍ക്ക് കോടതി പേപ്പര്‍ സമര്‍പ്പിച്ച് തുക കൈപ്പറ്റാം.
അപ്രോച്ച് ഭാഗം ഉള്‍പ്പെടെ 1180 മീറ്റര്‍ നീളത്തിലാണ് പാലം നിര്‍മ്മിക്കുന്നത്. പാലത്തിന്റെ ഇരുവശത്തും 1.5 മീറ്റര്‍ വീതിയില്‍ നടപ്പാത ഉള്‍പ്പെടെ 11 മീറ്റര്‍ വീതിയിലാണ് രണ്ട് വരി പാതയോട് കൂടി പാലം നിര്‍മ്മിക്കുക. പാലം വരുന്നതോടെ കോഴിക്കോട്-കൊച്ചി ദീര്‍ഘദൂര യാത്രക്കാര്‍ക്ക് ഏറെ പ്രയോജനപ്പെടുന്ന പദ്ധതി കൂടിയാണിത്.
തവനൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. ശിവദാസന്‍, മറ്റു ജനപ്രതിനിധികള്‍, സ്‌പെഷ്യല്‍ തഹസില്‍ദാര്‍ ഹാരിസ് കപൂര്‍, പ്രതാപന്‍, പ്രവീണ്‍, നീതു, ഷൈജു, ജയചന്ദ്രന്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.