നവസംരംഭക ആശയത്തിലൂടെ ലോകശ്രദ്ധ നേടിയ എറണാകുളം ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥിനികള്‍ക്ക് നാടിന്റെ ആദരം. യുവസംരംഭകര്‍ക്കായി അമേരിക്ക ആസ്ഥാനമായ ടൈ ഗ്ലോബല്‍ നടത്തിയ മത്സരത്തില്‍ ‘പോപ്പുലര്‍ ചോയ്സ്’ അവാര്‍ഡ് നേടിയ വി സൗന്ദര്യ ലക്ഷ്മി, എലീഷ അനോറി കടുത്തൂസ്, വി ഡിംപല്‍, ശിവനന്ദന എന്നിവരെയാണ് അനുമോദിച്ചത്. അനുമോദന ചടങ്ങ് മന്ത്രി വി ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു. കോവിഡ് ഭീതി നിറഞ്ഞ കാലത്തും മത്സരബുദ്ധിയോടെ പരിശീലനം നടത്തിയ വിദ്യാര്‍ഥിനികള്‍ അഭിനന്ദനമര്‍ഹിക്കുന്നതായി മന്ത്രി പറഞ്ഞു. അമേരിക്ക, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലെ ടീമുകളെ പിന്നിലാക്കിയുള്ള മലയാളി വിദ്യാര്‍ഥിനികളുടെ നേട്ടം പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു.

ഫില്‍ട്ടര്‍ കോഫി ഗുളിക രൂപത്തില്‍ തയ്യാറാക്കുന്ന ‘കാപ്പിഫൈല്‍’ എന്ന നവ സംരംഭ ആശയമാണ് വിദ്യാര്‍ഥിനികള്‍ അവതരിപ്പിച്ചത്. ഇത് ലോകമാകെയുള്ള ബിസിനസ് ഗ്രൂപ്പുകളുടെ ശ്രദ്ധപിടിച്ചുപറ്റി. ഏറ്റവും ജനപ്രീതിയുള്ള ഉല്‍പ്പന്നമായി കാപ്പി ഫൈല്‍ തെരഞ്ഞെടുക്കുകയും ചെയ്തു. പരിപാടിക്കായി കുട്ടികളെ സ്‌പോണ്‍സര്‍ ചെയ്ത് പരിശീലിപ്പിച്ചത് ടൈ കേരളയാണ്.

ചടങ്ങില്‍ ടി ജെ വിനോദ് എംഎല്‍എ അധ്യക്ഷനായി. കോര്‍പ്പറേഷന്‍ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ വി എ ശ്രീജിത്ത്, ടൈ കേരള പ്രസിഡന്റ് അജിത് മൂപ്പന്‍, വൈസ് പ്രസിഡന്റ് അനിഷ ചെറിയാന്‍, കേരള യൂണിവേഴ്സിറ്റി ഓഫ് ഡിജിറ്റല്‍ സയന്‍സ്, ഇന്നവേഷന്‍ ആന്‍ഡ് ടെക്നോളജി വൈസ് ചാന്‍സലര്‍ ഡോ. സജി ഗോപിനാഥ്, പിടിഎ പ്രസിഡന്റ് ഷിബു ചാക്കോ, മാതൃസംഗമം പ്രസിഡന്റ് നിത്യ ഷിബു പ്രിന്‍സിപ്പല്‍ വി നളിനികുമാരി, ഡോ. പി എസ് ബിജുമോന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ക്യാപ്ഷന്‍: നവസംരംഭക ആശയത്തിന് അവാര്‍ഡ് നേടിയ എറണാകുളം ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥിനികളായ വി സൗന്ദര്യ ലക്ഷ്മി, എലീഷ അനോറി കടുത്തൂസ്, വി ഡിംപല്‍, ശിവനന്ദന എന്നിവരെ അനുമോദിച്ചപ്പോള്‍.