കണ്ണൂർ: മില്‍മ മലബാര്‍ യൂണിറ്റ് കെഎസ്ആര്‍ടിസിയുമായി ചേര്‍ന്ന് നടപ്പിലാക്കുന്ന ഫുഡ് ട്രക്ക് പ്രവര്‍ത്തനം ആരംഭിച്ചു. സംരഭത്തിന്റെ  മേഖലാതല ഉദ്ഘാടനം തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ നിര്‍വ്വഹിച്ചു. വിവിധങ്ങളായ മില്‍മ ഉത്പന്നങ്ങള്‍ക്ക് കൂടുതല്‍ വിപണി സാധ്യത ഉറപ്പ് വരുത്താന്‍ പദ്ധതിക്ക് കഴിയുമെന്ന് മന്ത്രി പറഞ്ഞു.

കൊവിഡിന്റെ ആദ്യഘട്ടത്തില്‍ ക്ഷീരകര്‍ഷകര്‍ പ്രതിസന്ധി നേരിട്ടെങ്കിലും മൂല്യവര്‍ദ്ധിത പാലുത്പന്നങ്ങളുടെ ഉത്പാദനം മേഖലയ്ക്ക് കരുത്ത് നല്‍കി. മില്‍മയ്ക്ക് വിപണിയിലുള്ള അംഗീകാരം നല്ല രീതിയില്‍ പ്രയോജനപ്പെടുത്താന്‍ സാധിക്കണം. എല്ലാ പ്രധാന നഗരങ്ങളിലും ഫുഡ് ട്രക്കുകള്‍ സ്ഥാപിക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. കൂടുതല്‍ പേര്‍ക്ക് തൊഴിലും വരുമാനവും ഉറപ്പാക്കുന്ന ക്ഷീര മേഖലയിലേക്ക് കൂടുതല്‍ പേര്‍ കടന്നു വരണമെന്നും മന്ത്രി പറഞ്ഞു.

മലബാര്‍ മില്‍മയുടെ എല്ലാ ഉത്പന്നങ്ങളും ഒരു കുടക്കീഴില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് മില്‍മ ഫുഡ് ട്രക്ക് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. ഉത്പന്നങ്ങള്‍ വാങ്ങുന്നതോടൊപ്പം ചായയും പലഹാരങ്ങളും കഴിക്കാനുള്ള സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്. പഴയ കെഎസ്ആര്‍ടിസി ബസുകള്‍ നവീകരിച്ച് ഫുഡ് ട്രക്കാക്കി മാറ്റി പ്രധാന നഗരങ്ങളിലെ ഡിപ്പോകളിലുടെയാണ് വിപണനം.

മലബാറിലെ എല്ലാ ജില്ലകളുടെയും ആസ്ഥാനത്ത് ഫുഡ് ട്രക്ക് പദ്ധതി ആരംഭിക്കാമുള്ള തയ്യാറെടുപ്പിലാണ് മില്‍മ. കണ്ണൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നടന്ന ചടങ്ങില്‍ മില്‍മ മലബാര്‍ യൂണിയന്‍ ചെയര്‍മാന്‍ കെ എസ് മണി അധ്യക്ഷനായി.

മേയര്‍ അഡ്വ. ടി ഒ മോഹനന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി എംഎല്‍എ, കോര്‍പ്പറേഷന്‍ സ്ഥിരം സമിതി അധ്യക്ഷന്‍ അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ്, കൗണ്‍സിലര്‍ അഡ്വ. പി കെ അന്‍വര്‍, കെസിഎംഎംഎഫ് ഡയറക്ടര്‍ പി പി  നാരായണന്‍, കെ എസ് ആര്‍ടി സി ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ കെ യൂസഫ്, മലബാര്‍ യൂണിയന്‍ എംഡി ഡോ. പി മുരളി, ഡയറക്ടര്‍ കെ സുധാകരന്‍ എന്നിവര്‍ പങ്കെടുത്തു.