കോഴിക്കോട്: കൊടുവള്ളി നഗരസഭയില്‍ കോവിഡ് വ്യാപനം വർദ്ധിച്ച സാഹചര്യത്തില്‍ പ്രതിരോധ നടപടികള്‍ കര്‍ശനമാക്കാനും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനും തീരുമാനിച്ചു. കൊടുവള്ളി നഗരസഭയും കൊടുവള്ളി പോലീസും സംയുക്തമായി വിളിച്ച് ചേര്‍ത്ത യോഗത്തിലാണ് തീരുമാനം.
കൂടുതല്‍ രോഗികളുള്ള ഡിവിഷനുകളെ ക്രിട്ടിക്കല്‍ സോണുകളായി പരിഗണിച്ച് പ്രാദേശിക റോഡുകള്‍ അടച്ചിടും. അത്തരം ഡിവിഷനുകളില്‍ ദിവസേന ഓണ്‍ലൈനായി ആര്‍ആര്‍ടി യോഗം ചേര്‍ന്ന് സ്ഥിതിഗതികൾ വിലയിരുത്താനും തീരുമാനിച്ചു. വീടുകളില്‍ സൗകര്യമില്ലാത്ത കോവിഡ് രോഗികളെ എഫ്എല്‍ടിസിയില്‍ പ്രവേശിപ്പിക്കണം.ആര്‍ആര്‍ടിയും പോലിസും സംയുക്ത പരിശോധനകള്‍ നടത്തും. പെരുന്നാള്‍ നമസ്‌ക്കാരം 40 ആളുകളില്‍ പരിമിതപ്പെടുത്തണം. കശാപ്പ് ജോലികളില്‍ എര്‍പ്പെടുന്ന തൊഴിലാളികള്‍ക്കും സഹായികള്‍ക്കും ഇന്ന് (ജൂലൈ 20) കൊടുവള്ളി ജിഎംഎല്‍പി സ്‌കൂളില്‍ സൗജന്യമായി കോവിഡ് ടെസ്റ്റ് നടത്തും.
യോഗത്തില്‍ നഗരസഭ ചെയര്‍മാന്‍ വെള്ളറ അബ്ദു അധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ ടി. മൊയ്തീന്‍കോയ, വി.സിയ്യാലി ഹാജി, എന്‍.കെ.അനില്‍കുമാര്‍, റംസിയമോള്‍, റംല ഇസ്മാഈല്‍, കൗണ്‍സിലര്‍മാരായ പി.വി.ബഷീര്‍, ഹസീന നൗഷാദ്, ശഹര്‍ബാന്‍ അസ്സയിനാര്‍, ടി.കെ. ശംസുദ്ദീന്‍, അഷ്‌റഫ് ബാവ, ഹസീന നാസര്‍, കൊടുവള്ളി പോലിസ് സബ് ഇന്‍സ്പക്ടര്‍ അഭിലാഷ്, നഗരസഭ സെക്രട്ടറി എ.പ്രവീണ്‍, ഹെൽത്ത് ഇൻസ്പെക്ടർ ശശി, ആര്‍ആര്‍ടി മെമ്പര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.