കാസർഗോഡ്: അതിജീവനത്തിന്റെ ഫോണ്‍ വിളിയില്‍ നിര്‍ധന കുടുംബത്തിന് സാന്ത്വന സ്പര്‍ശം. സുകന്യയുടെ തകര്‍ന്നു വീണ ഒറ്റമുറി വീട്ടില്‍ ഇനി മഴവെള്ളം ചോര്‍ന്നൊലിക്കില്ല. മംഗല്‍പ്പാടി ഗ്രാമപഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡായ ഈച്ചിലങ്കോട്ടെ പ്ലസ് ടു വിദ്യാര്‍ഥിനി സുകന്യയ്ക്കാണ് സമഗ്ര ശിക്ഷാ മഞ്ചേശ്വരം ബി ആര്‍ സി സംഘടിപ്പിച്ച ഫോണ്‍ ഇന്‍ പ്രോഗ്രാമായ അതിജീവനത്തിലൂടെ കനിവിന്റെ സ്‌നേഹ സാന്ത്വനം ലഭിച്ചത്. കോവിഡ് മഹാമാരിയുടെ കാലത്ത് ശാരീരികവും മാനസികവുമായ പ്രയാസങ്ങളനുഭവിക്കുന്ന എട്ട് മുതല്‍ 12 വരെ ക്ലാസുകളിലെ കുട്ടികള്‍ക്കായി ഡോക്ടര്‍മാരെയും മനഃശാസ്ത്ര വിദഗ്ധരെയും പങ്കെടുപ്പിച്ച് സംഘടിപ്പിച്ച ബിആര്‍സി തല അതിജീവനം പരിപാടിയാണ് കാരുണ്യത്തിന്റെ വഴി തുറന്നത്.

അടുത്തിടെയുണ്ടായ കനത്ത മഴയിലും കാറ്റിലും സുകന്യയുടെ ഒറ്റമുറി വീടിന്റെ മേല്‍ക്കൂരയും ചുവരുകളും തകര്‍ന്ന് മഴയില്‍ കുതിര്‍ന്നിരുന്നു. സുകന്യയും രണ്ടു സഹോദരിമാരും രണ്ടുനാള്‍ നനഞ്ഞൊലിച്ച അവസ്ഥയില്‍ തന്നെയായിരുന്നു. ടാര്‍പോളിന്‍ കൊണ്ടു മറച്ച വീട്ടില്‍ ദുരിതപ്പേമാരിയില്‍ കഴിയുന്ന അനുഭവം മംഗല്‍പ്പാടി ഗവ.ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ഥിനിയായ സുകന്യ ഫോണ്‍ ഇന്‍ പ്രോഗ്രാമില്‍ വിതുമ്പലോടെയാണ് ഡോക്ടറോട് അവതരിപ്പിച്ചത്. കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ സീനിയര്‍ കണ്‍സള്‍ട്ടന്റായ ഡോ. ബി നാരായണ നായിക്കായിരുന്നു ‘അതിജീവന ‘ത്തില്‍ കുട്ടികളോട് ഒരു ദിവസം സംവദിച്ചത്.

സുകന്യയുടെ കദനകഥ ഡോക്ടര്‍ ഐഎംഎ കാസര്‍കോടിലെ സഹപ്രവര്‍ത്തകരുമായി പങ്കുവെച്ചു. രാധാകൃഷ്ണ- നാഗവേണി ദമ്പതികളുടെ മൂന്ന് പെണ്‍മക്കളടങ്ങുന്ന കുടുംബത്തിന്റെ കണ്ണീര്‍ക്കഥ മഞ്ചേശ്വരം എംഎല്‍എയെയും തദ്ദേശ സ്ഥാപന ജനപ്രതിനിധികളെയും അറിയിച്ചു. ഐഎം എ കുടുംബാംഗങ്ങളില്‍ നിന്നും അടിയന്തരാശ്വാസമായി സ്വരൂപിച്ച 1,62,000 രൂപ സമഗ്ര ശിക്ഷാ ജില്ലാ പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ പി രവീന്ദ്രന്റെ സാന്നിധ്യത്തില്‍ ഡോ. നാരായണ നായിക് സുകന്യയുടെ അച്ഛന്‍ രാധാകൃഷ്ണയ്ക്ക് കൈമാറി. ഐഎംഎ ജില്ലാ ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ ഡോ. ജനാര്‍ദനനായിക്, മുന്‍ പ്രസിഡന്റ് ഡോ. നാരായണ പ്രദീപ്, സീനിയര്‍ മെമ്പര്‍ ഡോ. ഭരതന്‍, മഞ്ചേശ്വരം ബിപിസി ബി പി ആദര്‍ശ്, ക്ലാസധ്യാപിക ആശാലത എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.