വളാഞ്ചേരി നഗരസഭയിലെ കാട്ടിപ്പരുത്തി കറ്റട്ടിക്കുളം പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. എം.എല്‍.എയുടെ നിയോജക മണ്ഡലം ആസ്തി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി 20 ലക്ഷം രൂപ വിനിയോഗിച്ചാണ് കാട്ടിപ്പരുത്തി കറ്റട്ടിക്കുളം നവീകരിച്ചത്. കാട്ടിപ്പരുത്തി പാടശേഖരത്തിലെ പ്രധാന ജല സ്രോതസായ കറ്റട്ടിക്കുളത്തിന്റെ ജലസംഭരണ ശേഷി വര്‍ധിപ്പിക്കുന്നതുള്‍പ്പടെയുള്ള പ്രവൃത്തികളാണ് പൂര്‍ത്തീകരിച്ചത്.
ജലസംഭരണ ശേഷി വര്‍ധിപ്പിക്കുന്നതിനായി നിലവിലുള്ള കുളത്തിന്റെ ഉള്‍വശത്തായി ചെറിയ കുളം കുഴിക്കുകയും 49.25 മീറ്റര്‍ നീളത്തിലും 17.80 മീറ്റര്‍ വീതിയിലും കരിങ്കല്‍ ഉപയോഗിച്ച് ഭിത്തികള്‍ കെട്ടുകയും ചെയ്തിട്ടുണ്ട്. കുളത്തിലേക്ക് ഇറങ്ങുന്നതിന് ഇരുവശങ്ങളിലും കരിങ്കല്‍ പടവുകള്‍ നിര്‍മിക്കുകയും ചെയ്തിട്ടുണ്ട്. തകരാറിലായ കരിങ്കല്‍ ഭിത്തി 20.80 മീറ്റര്‍ നീളത്തിലും റോഡിന് സമീപത്തുള്ള 51.50 മീറ്റര്‍ നീളത്തിലുള്ള ഭിത്തി പൊളിച്ച് പുതുക്കി കെട്ടുന്നതുള്‍പ്പെടെയാണ് പദ്ധതി. ഇതു കൂടാതെ കുളയോരത്തിന്റെ സൗന്ദര്യ വത്കരണത്തിനായി അഞ്ച് ലക്ഷം രൂപ നഗരസഭ ഈ വര്‍ഷത്തെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയതായി നഗരസഭ ചെയര്‍മാന്‍ അഷ്റഫ് അമ്പലത്തിങ്ങല്‍ പറഞ്ഞു. കൈവരി സ്ഥാപിക്കല്‍, ഇന്റര്‍ലോക്ക് തുടങ്ങിവയാണ് സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി നടപ്പിലാക്കുക.
വളാഞ്ചേരി നഗരസഭ ചെയര്‍മാന്‍ അഷ്റഫ് അമ്പലത്തിങ്ങല്‍ പരിപാടിയില്‍ അധ്യക്ഷനായി. നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ റംല മുഹമ്മദ്, സ്ഥിരം സമിതി അധ്യക്ഷന്‍മാരായ സി.എം. റിയാസ്, റൂബി ഖാലിദ്, വി.പി. ശൈലേഷ്, കൗണ്‍സിലര്‍മാരായ ഇ.പി.അച്യുതന്‍, ഷാഹിന റസാഖ്, താഹിറ ഇസ്മയില്‍, സുബിത രാജന്‍, തസ്ലീമ നദീര്‍, സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സി. അബ്ദുല്‍ നാസര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.