ഇടുക്കി: മലങ്കര അണക്കെട്ടിന്റെ ആറ് ഷട്ടറുകളും ഒരു മീറ്റര്‍ വീതം തുറക്കാന്‍ സാധ്യതയുണ്ടെന്നും തൊടുപുഴ, മൂവാറ്റുപുഴ ആറുകളുടെ തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും എംവിഐപി അധികൃതര്‍ അറിയിച്ചു. ഇത് സംബന്ധിച്ച് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഡാമിലെ ജലനിരപ്പ് നിയന്ത്രിച്ച് നിര്‍ത്തുന്നതിനായി നിലവില്‍ ആറ് ഷട്ടറുകളും 70 സെ.മീറ്റര്‍ വീതം തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കുന്നുണ്ട്.
മൂലമറ്റം വൈദ്യുതി നിലയത്തില്‍ നിന്നുള്ള ഉല്‍പ്പാദനം പരമാവധിയിലേക്ക് എത്തിച്ചതിനെ തുടര്‍ന്ന് മലങ്കരയില്‍ ജലനിരപ്പ് ഉയരുന്നുണ്ട്. ഇതിന് പുറമേ വൃഷ്ടി പ്രദേശത്ത് കനത്ത മഴ തുടരുന്നതിനാല്‍ ഡാമിലേക്കുള്ള നീരൊഴുക്ക് കൂടി. നിലവില്‍ ഡാമിലെ ജലനിരപ്പ് 39.86 മീറ്ററാണ്. അണക്കെട്ടിന്റെ പരമാവധി സംഭരണ ശേഷി 42 മീറ്ററാണ്.