തൃശ്ശൂർ: മണ്ണുത്തി കുതിരാൻ തുരങ്ക പാതയിൽ ഫയർ ആന്റ് സേഫ്റ്റി വിഭാഗം നടത്തിയ അവസാന പരിശോധന പൂർത്തിയായി. കുതിരാൻ തുരങ്കം ഓഗസ്റ്റിൽ തുറന്ന് കൊടുക്കുന്നതിന് മുന്നോടിയായാണ്
ജില്ലാ ഫയർ ഓഫീസറുടെ നേതൃത്വത്തിൽ തുരങ്കത്തിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട അന്തിമ ഘട്ട പരിശോധന നടത്തിയത്. ഇന്ന് (ജൂലൈ 22) സർട്ടിഫിക്കറ്റ് നൽകുമെന്ന് ജില്ലാ ഫയർ ഓഫീസർ അറിയിച്ചു.

തുരങ്ക പാതയിലെ ഫയർ സിസ്റ്റം പ്രവർത്തിപ്പിച്ചതിൽ തൃപ്തികരമെന്നും ജില്ലാ ഫയർ ഓഫീസർ അറിയിച്ചു. ഓരോ 50 മീറ്റർ ഇടവിട്ട് തുരങ്ക പാതയിൽ ഫയർ ഹൈഡ്രന്റ് പോയിന്റുകൾ സ്ഥാപിച്ചു. ഒരു ഡീസൽ പമ്പും, രണ്ട് ഇലക്ട്രിക്കൽ പമ്പുകളും ഇവിടെയുണ്ട്. ഇത് ഉപയോഗിച്ചാണ് ശക്തമായി വെള്ളം പമ്പ് ചെയ്ത് സുരക്ഷാ പരിശോധന നടത്തിയത്.
2 ലക്ഷം ലിറ്ററിന്റെ വെള്ള ടാങ്ക് തുരങ്കത്തിൽ സ്ഥാപിച്ചിട്ടുണ്ട്.

അപകടമുണ്ടായാൽ അഗ്നി രക്ഷസേന വരുന്നതിന് മുൻപ് തന്നെ സുരക്ഷാ പ്രവർത്തനങ്ങൾ തുരങ്കത്തിൽ നടത്താൻ കഴിയും.തുരങ്ക പാതയുടെ പല സ്ഥലങ്ങളിലും ഹോസ് റീലുകൾ സ്ഥാപിച്ചു കഴിഞ്ഞു.
ഫയർ ആന്റ് സേഫ്റ്റി വിഭാഗം നിർദ്ദേശിച്ച എല്ലാ സുരക്ഷ മാനദണ്ഡങ്ങളും തുരങ്ക നിർമാണ കമ്പനി പൂർത്തിയാക്കിയതിനെ തുടർന്നാണ് സർട്ടിഫിക്കറ്റ് നൽകുന്നതെന്ന് ഫയർ ആൻറ് സേഫ്റ്റി വിഭാഗം അറിയിച്ചു.പാലക്കാട് ഫയർ ആന്റ് റസ്ക്യൂ ഡിവിഷൻ ഓഫീസർ സുജിത് കുമാർ, ജില്ലാ ഫയർ ഓഫീസർ അരുൺ ഭാസ്കർ,തൃശൂർ ഫയർ സ്റ്റേഷൻ ഓഫീസർ വിജയ് കൃഷ്ണ,അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ രഘുനാഥൻ നായർ എന്നിവർ ചേർന്നാണ് അവസാന ഘട്ട പിശോധന നടത്തിയത്.