പാലക്കാട് ശൈശവ വിവാഹ മുക്ത ജില്ലയാക്കി മാറ്റുന്നതിന്റെ ഭാഗമായി ശൈശവ വിവാഹങ്ങള്‍ക്കെതിരെ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ അംഗം സി.വിജയകുമാര്‍ നിര്‍ദ്ദേശിച്ചു. ബാലാവകാശ സംരക്ഷണം ഉറപ്പാക്കാന്‍ ജില്ലയിലെ ശിശുസംരക്ഷണ മേഖലയിലെ ഉദ്യോഗസ്ഥരുമായി ചേര്‍ന്ന യോഗത്തിലാണ് നിര്‍ദേശം നല്‍കിയത്. ആദിവാസി മേഖലയില്‍ ഉള്‍പ്പെടെ റിപ്പോര്‍ട്ട് ചെയ്യുന്നതും അല്ലാത്തതുമായ ബാലവിവാഹങ്ങള്‍ കണ്ടെത്തണം. ബാലവിവാഹത്തിനെതിരെ രക്ഷിതാക്കളില്‍ ഉള്‍പ്പടെ ബോധവത്ക്കരണം നല്‍കണം. കൂടാതെ ബാലവിവാഹങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നവര്‍ക്ക് പാരിതോഷികം (2500 രൂപ) നല്‍കുന്നുണ്ട്. ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന വ്യക്തികളുടെ സ്വകാര്യത സംരക്ഷിക്കണമെന്നും യോഗത്തില്‍ പറഞ്ഞു.
അതിര്‍ത്തി മേഖലകളിലൂടെ കുട്ടികളെ ബാലവേലയ്ക്ക് കൊണ്ടുപോകുന്നതും കൊണ്ടുവരുന്നതും കര്‍ശനമായി നിരീക്ഷിക്കാന്‍ ചെക്ക് പോസ്റ്റുകളില്‍ പ്രത്യേക വിജിലന്‍സ് സെല്‍ രൂപീകരിച്ച് ഇടപെടുന്നതിന് സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തണം. ബാലവേല തടയുന്നതിന് വ്യവസായ വകുപ്പ് അധികൃതര്‍ക്കും നിര്‍ദ്ദേശം നല്‍കി. പെണ്‍കുട്ടികളെ ഉള്‍പ്പെടെ കുറഞ്ഞ വേതനത്തില്‍ എണ്ണക്കമ്പനികളിലും മറ്റും ഇടനിലക്കാര്‍ മുഖേന കടത്തുന്നത് പരിശോധിക്കാന്‍ നടപടികള്‍ സ്വീകരിക്കണം.
ട്രൈബല്‍ മേഖലകളിലെ കുട്ടികളില്‍ അതീവ ജാഗ്രത
ട്രൈബല്‍ മേഖലകളിലെ കുട്ടികളുടെ വിദ്യാഭ്യാസം, ആരോഗ്യം എന്നിവയില്‍ അതീവ ജാഗ്രത ചെലുത്തണം. ഓണ്‍ലൈന്‍ വിദ്യാഭ്യാസം നടക്കുന്ന സാഹചര്യത്തില്‍ എല്ലാ വിദ്യാര്‍ഥികള്‍ക്കും പഠനസൗകര്യം ഉറപ്പാക്കണം. ആദിവാസി മേഖല ബാലസൗഹൃദ കേന്ദ്രമാക്കി മാറ്റണം. എല്ലാ വിദ്യാഭ്യാസ ജില്ലകളിലും ബോധവത്ക്കരണത്തിന്റെ ഭാഗമായി വിദ്യാര്‍ഥികളെ ഉള്‍പ്പെടുത്തി ക്യാമ്പുകള്‍ സംഘടിപ്പിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ജില്ലയിലുള്ള 75 ഓളം സ്‌കൂള്‍ കൗണ്‍സിലര്‍മാരുടെ സേവനം ഉപയോഗപ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു.
കോവിഡ്: കുട്ടികളിലെ ആരോഗ്യപ്രശ്‌നങ്ങള്‍ നീരീക്ഷിക്കും
കോവിഡ് 19 മൂന്നാം തരംഗം പ്രതീക്ഷിക്കുന്ന സാഹചര്യത്തില്‍ കുട്ടികള്‍ക്ക് ആരോഗ്യപരമായി ഉണ്ടായേക്കാവുന്ന പ്രശ്നങ്ങള്‍ സൂക്ഷ്മപരിശോധന നടത്തണമെന്ന് കമ്മീഷന്‍ അംഗം സി.വിജയകുമാര്‍ പറഞ്ഞു. കോവിഡ് മൂലം രക്ഷിതാക്കള്‍ മരണപ്പെട്ട കുട്ടികളുടെ മാനസികവും സാമ്പത്തികവുമായ പ്രശ്നങ്ങള്‍ പരിഗണിച്ച്, വേണ്ട സഹായങ്ങള്‍ ഉറപ്പാക്കുന്നതിന് സര്‍ക്കാരിലേക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. കുട്ടികളില്‍ വര്‍ധിക്കുന്ന ആത്മഹത്യാ പ്രവണതകള്‍ ഇല്ലാതാക്കാന്‍ പ്രത്യേക ബോധവത്ക്കരണം നല്‍കാനും കൃത്യമായ പാരന്റിംഗ് സംബന്ധിച്ച് രക്ഷിതാക്കള്‍ക്ക് കൗണ്‍സലിംഗ് നല്‍കാനും നിര്‍ദേശം നല്‍കി.
ലഹരി ഉപയോഗം: ബോധവത്കരണം നല്‍കും
സ്‌കൂളുകള്‍ ഇല്ലാത്ത സാഹചര്യത്തില്‍ പോലും കുട്ടികളില്‍ വര്‍ദ്ധിച്ചു വരുന്ന ലഹരി ഉപയോഗം ഇല്ലാതാക്കുന്നതിന് വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് ലഹരി വിമുക്തി ക്ലബ്ബുകള്‍ രൂപീകരിച്ച് ബോധവത്ക്കരണം നല്‍കും. കടകളില്‍ ലഹരി വസ്തുക്കളുടെ വില്‍പ്പന ഇല്ലാതാക്കുന്നതിന് പോലീസ്, എക്സൈസിന്റെ നേതൃത്വത്തില്‍ പരിശോധന ശക്തമാക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.
കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികവും ശാരീരികവുമായ അതിക്രമങ്ങള്‍ പോലുള്ള പരാതികള്‍ക്ക് പരമാവധി വേഗത്തില്‍ നടപടി കൈക്കൊള്ളാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കി. ജില്ലയിലെ എല്ലാ പഞ്ചായത്തുകളും കേന്ദ്രീകരിച്ച് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മിറ്റികള്‍ (സി.പി.സി) രൂപീകരിക്കണം. സജീവമല്ലാത്ത കമ്മിറ്റികള്‍ കൂടുതല്‍ സജീവമാക്കണം. ജില്ലാ പഞ്ചായത്ത് ഇതില്‍ ശ്രദ്ധ ചെലുത്തണം. ഇതിന് പുറമെ, കുട്ടികളുടെ പുനരധിവാസം നടത്തി ആവശ്യമുള്ള നിയമസഹായങ്ങള്‍ ഉറപ്പാക്കണം. ആശുപത്രികള്‍ കൂടുതല്‍ ശിശുസൗഹാര്‍ദ്ദമാക്കണം. കൂടാതെ കുട്ടികളുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും വിട്ടുവീഴ്ചയില്ലാതെ നടപ്പാക്കാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കമ്മീഷന്‍ അംഗം സി.വിജയകുമാര്‍ നിര്‍ദ്ദേശം നല്‍കി.
കലക്ടടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് കെ. മണികണ്ഠന്‍ അധ്യക്ഷനായി. ജില്ലാ വനിതാ-ശിശുവികസന ഓഫീസര്‍ പി. മീര, ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ എസ്. ശുഭ എന്നിവര്‍ സംസാരിച്ചു. ബാലാവകാശ മേഖലയിലെ ജില്ലയിലെ വിവിധ വകുപ്പു മേധാവികള്‍ പങ്കെടുത്തു.