ജില്ലയില്‍ തെരുവുനായകളില്‍ കാനന്‍ ഡിസ്റ്റംബര്‍ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ പ്രത്യേകിച്ച് വളര്‍ത്തുനായകളെ രോഗപ്രതിരോധ കുത്തിവെയ്പ്പ് മൂലം സംരക്ഷിക്കണമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. റെജി വര്‍ഗീസ് അറിയിച്ചു.

വായുവിലൂടെ പകരുന്ന രോഗമായതിനാല്‍ പകര്‍ച്ചാ സാധ്യത കൂടുതലാണ്. അതിനാല്‍ ആറാഴ്ച പ്രായമുള്ള പട്ടികുട്ടികള്‍ക്ക് മുതല്‍ വാക്‌സിന്‍ നല്‍കണം. നാലാഴ്ച ഇടവിട്ട് 16 ആഴ്ച വരെ ബൂസ്റ്റര്‍ ഡോസും നല്‍കണം. അതിനുശേഷം വര്‍ഷംതോറും വാക്‌സിനേഷന്‍ ചെയ്യണം.

കാനന്‍ ഡിസ്റ്റംബര്‍ രോഗബാധ മൂലം മരണം കുറവാണെങ്കിലും രോഗം ബാധിച്ച് ക്ഷീണിച്ച അവസ്ഥയില്‍ മറ്റു രോഗാണുക്കള്‍ ശരീരത്തില്‍ പ്രവേശിക്കുകയും ദഹനേന്ദ്രിയ സംബന്ധമായ രോഗങ്ങള്‍ മൂലമോ അണുബാധ മൂലമോ മരണം സംഭവിക്കാറുണ്ട്.

മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന രോഗം അല്ലാത്തതിനാല്‍ പൊതുജനങ്ങള്‍ ഭയപ്പെടേണ്ടതില്ലെന്നും മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു.

കാനന്‍ ഡിസ്റ്റംബര്‍- രോഗലക്ഷണങ്ങള്‍

രോഗാണു ശരീരത്തില്‍ പ്രവേശിച്ചാല്‍ മൂന്ന് മുതല്‍ ആറ് ദിവസത്തിനുള്ളില്‍ ചെറു പനിയാണ് ആദ്യം കാണപ്പെടുക. ഒരാഴ്ചയ്ക്കുശേഷം അതികഠിനമായ പനിയും ഭക്ഷണം കഴിക്കാതിരിക്കുക, മൂക്കില്‍ നിന്നും നേര്‍ത്തതും കണ്ണില്‍ നിന്നും പഴുപ്പു കൂടിയ ദ്രാവകം വരിക, ദഹനസംബന്ധമായതും ശ്വാസകോശ സംബന്ധമായതുമായ അസുഖങ്ങള്‍ ഉണ്ടാവുന്നതും പ്രധാന ലക്ഷണങ്ങളാണ്.

നാഡീവ്യൂഹങ്ങളെ ബാധിക്കുന്ന രോഗമായതിനാല്‍ പേശികളുടെ വലിവ്, കൈകാലുകളുടെ വിറയല്‍, തലയിലെ മുഖത്തെയും പേശികളുടെ വലിവും വിറയലും,  പല്ലുകള്‍ കൂട്ടി കടിക്കുന്ന തരത്തിലുള്ള അനിയന്ത്രിതമായ താടിയെല്ലുകളുടെ ചലനവും രോഗലക്ഷണങ്ങളാണ്.