1870 പോസിറ്റീവ്, ടി.പി.ആര് 15.76%
ജില്ലയില്‍ പ്രതിദിന കോവിഡ് ബാധിതരും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും വര്‍ധിക്കുന്നു. ജൂലൈ മാസത്തില്‍ രണ്ട് ദിവസമൊഴികെ 1000 ന് മുകളിലാണ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. ടി.പി.ആറും 10 ശതമാനത്തിന് മുകളില്‍ തന്നെയാണ്. കഴിഞ്ഞ നാല് ദിവസവും ജില്ലയില്‍ 1500ന് മുകളിലാണ് രോഗബാധിതരുടെ എണ്ണം. ഇന്ന് (ജൂലൈ 23) 1870 പേര്‍ക്കാണ് പോസിറ്റീവ് സ്ഥിരീകരിച്ചത്. 15.76 ശതമാനമാണ് ടി.പി.ആര്.
ഇന്ന് പോസിറ്റീവ് സ്ഥിരീകരിച്ചവരില്‍ 22 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 1842 പേര്‍ക്കാണ് രോഗം ബാധിച്ചത്. വിദേശത്ത് നിന്നും വന്ന രണ്ടുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്ന രണ്ടു പേര്‍ക്കും രണ്ടു ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.12080 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 780 പേര് കൂടി രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ച് 19778 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്. പുതുതായി വന്ന 2760 പേര് ഉള്‍പ്പടെ 44565 പേര് നിരീക്ഷണത്തിലുണ്ട്. ഇതുവരെ 724500 പേര് നിരീക്ഷണം പൂര്‍ത്തിയാക്കി.
ഇന്നത്തെ (ജൂലൈ 23) ടി.പി.ആര് പ്രകാരം എട്ട് തദ്ദേശ സ്ഥാപനങ്ങള്‍ 30 ശതമാനത്തിന് മുകളിലാണ്. ചങ്ങരോത്ത് പഞ്ചായത്തില്‍ 42.6 ശതമാനമാണ് ടി.പി.ആര്. 101 പേരെ ടെസ്റ്റ് ചെയ്തതില്‍ 43 പേര്‍ക്ക് പോസിറ്റീവ് സ്ഥിരീകരിച്ചു. തലക്കുളത്തൂര്‍ 35.3, കട്ടിപ്പാറ 34.4, ഓമശ്ശേരി 31.6, കായക്കൊടി 31.5, കുറ്റ്യാടി 31.5, ചാത്തമംഗലം 30.5, കാരശ്ശേരി 30.2 ശതമാനവുമാണ് ടി.പി.ആര്. കായണ്ണ, മടവൂര്‍, മാവൂര്‍ എന്നീ തദ്ദേശ സ്ഥാപനങ്ങളില്‍ 30 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
രോഗബാധിതര്‍ കൂടുന്നതിനാല്‍ കോവിഡ് പോസിറ്റീവായവരുമായി ഏതെങ്കിലും തരത്തില്‍ സമ്പര്‍ക്കമുണ്ടായവര്‍, പൊതുജനങ്ങളുമായി അടുത്തിടപഴകുന്ന തൊഴിലുകളില്‍ ഏര്‍പ്പെടുന്നവര്‍, കോവിഡ് രോഗലക്ഷണമുള്ളവര്‍ എന്നിവര്‍ പരിശോധനയ്ക്ക് സ്വമേധയാ വിധേയരാകാന്‍ ശ്രദ്ധിക്കണമെന്ന് ഡി.എം.ഒ അറിയിച്ചു. എല്ലാ സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളിലും കൂടുതല്‍ പേര്‍ക്ക് ടെസ്റ്റ് നടത്തുന്നതിനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. സോപ്പ്, സാനിറ്റൈസര്‍, മാസ്ക്, സാമൂഹിക അകലം എന്നീ കോവിഡ് പ്രതിരോധ പെരുമാറ്റ ശീലങ്ങള്‍ വിട്ടുവീഴ്ച വരുത്താതെ പാലിക്കണം. പുതിയ തരംഗങ്ങള്‍ ഒഴിവാക്കുന്നതിനുള്ള സാമൂഹിക ജാഗ്രതയും കരുതലും എല്ലാവര്‍ക്കുമുണ്ടാകണമെന്ന് ഡി.എം.ഒ അഭ്യര്‍ത്ഥിച്ചു.