പാലക്കാട്‌: മുപ്പത്തിരണ്ടാമത് ടോക്കിയോ ഒളിമ്പിക്സിൽ പങ്കെടുക്കുന്ന താരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജില്ലാ സ്പോർട്സ് കൗൺസിൽ ദീപശിഖാപ്രയാണം സംഘടിപ്പിച്ചു. കോട്ടമൈതാനം അഞ്ചു വിളക്കിൽ നിന്നും ആരംഭിച്ച ദീപശിഖാപ്രയാണം സിവിൽ സ്റ്റേഷനിൽ അവസാനിച്ചു. അസിസ്റ്റന്റ് കലക്ടർ അശ്വതി ശ്രീനിവാസ്, ഒളിമ്പ്യൻ പ്രീജ ശ്രീധരൻ എന്നിവർ ചേർന്ന് ദീപശിഖാ സ്വീകരിച്ച് ദീപം തെളിയിച്ചു.

പരിപാടിയിൽ ഒളിമ്പ്യൻ പ്രീജ ശ്രീധരനെ അസിസ്റ്റന്റ് കലക്ടർ പൊന്നാട അണിയിച്ച് ആദരിച്ചു. കൂടാതെ, സിവിൽ സ്റ്റേഷൻ കോമ്പൗണ്ടിൽ ‘ഐ ചിയർ ഫോർ ഇന്ത്യ’, ‘ഐ ചിയർ ഫോർ കേരള ടീം’ എന്ന് രേഖപ്പെടുത്തിയ സെൽഫി പോയിന്റും ഒരുക്കിയിട്ടുണ്ട്.

പരിപാടിയിൽ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് സി.ഹരിദാസ്, എക്സിക്യൂട്ടീവ് അംഗങ്ങളായ ടി.കെ ഹെൻട്രി, കെ.പി ജയപ്രകാശ്, എ. ജബ്ബാർ അലി, എം.രാമചന്ദ്രൻ, ഡോ. പി.സി ഏലിയാമ്മ, അഡ്വ രമേശ്, കുമാർ പട്ടാമ്പി, ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി ബിജു ഗ്രിഗറി, സ്പോർട്സ് ഓഫീസർ എം. കെ ആനന്ദം, പരിശീലകരായ വിപിൻദാസ്, ബോബൻ സൂരജ്, കെ സുരേന്ദ്രൻ എന്നിവർ പങ്കെടുത്തു.