അവശതയനുഭവിക്കുന്നവര്‍ക്ക് ഒപ്പമുണ്ടാവും സംസ്ഥാന സര്‍ക്കാരെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. തൊടുപുഴയില്‍ സാമൂഹ്യനീതി ഓഫീസ് മുഖാന്തിരം ഭിന്നശേഷിക്കാര്‍ക്ക് ഇലക്ട്രോണിക്സ് വീല്‍ ചെയറുകള്‍ വിതരണം ചെയ്യുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കോവിഡ് കാലഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ കഷ്ടത അനുഭവിക്കുന്നത് ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവരാണ്. ഇവരുടെ ഉന്നമനത്തിനായി വിവിധ പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്നുണ്ട് എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഭിന്നശേഷിക്കാര്‍ക്ക് സഹായ ഉപകരണം നല്‍കുന്ന പദ്ധതി പ്രകാരം 2019 -20 വര്‍ഷത്തില്‍ ഇടുക്കി ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ നിരവധി അപേക്ഷകളാണ് ലഭിച്ചത്. ഇത്തരം അപേക്ഷകള്‍ ജില്ലാ കളക്ടര്‍ അദ്ധ്യക്ഷനായ കമ്മിറ്റിയാണ് പരിശോധിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇടുക്കി ജില്ലയില്‍ നിന്നും ആറ് പേരെ തിരഞ്ഞെടുത്തു. ഇവര്‍ക്ക് സര്‍ക്കാര്‍ അനുവദിച്ച ഇലക്ട്രോണിക്‌സ് വീല്‍ ചെയറുകള്‍ തൊടുപുഴ ഗവ. വൃദ്ധ സദനത്തില്‍ മന്ത്രി വിതരണം ചെയ്തു.

യോഗത്തില്‍ തൊടുപുഴ നഗരസഭാ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ ബിനോയ് വി.ജെ, തൊടുപുഴ നഗരസഭ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷീജ ഷാഹുല്‍ഹമീദ്, വാര്‍ഡ് കൗണ്‍സിലര്‍ മാത്യു ജോസഫ്, വൃദ്ധസദനം സൂപ്രണ്ട് സെബാസ്റ്റ്യന്‍ അഗസ്റ്റിന്‍, ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ ജി. ഗോപകുമാര്‍ എന്നിവര്‍ സംസാരിച്ചു.

മിനി സുധാകരന് സര്‍ക്കാരിന്റെ ഓണ സമ്മാനം

കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ് അരയ്ക്ക് കീഴ്‌പ്പോട്ട് തളര്‍ന്ന് കിടപ്പിലായ മിനി സുധാകരന് സര്‍ക്കാര്‍ സാമൂഹ്യനീതി വകുപ്പ് വഴി ഇലക്ട്രോണിക് വീല്‍ചെയര്‍ നല്‍കി പുതു ജീവിതത്തിലേക്ക് വഴികാട്ടി. വണ്ണപ്പുറം കാളിയാര്‍ സ്വദേശിയായ മിനി സുധാകരന്‍ 2013 ല്‍ വീടിനു സമീപം റോഡിലൂടെ നടന്ന് പോകുമ്പോഴായിരുന്നു അപകടം. കഴിഞ്ഞ ഏഴ് വര്‍ഷമായി വീടിനുള്ളിലെ നാലു ചുമരുകള്‍ക്കുള്ളില്‍ ജീവിതം തള്ളിനീക്കുകയായിരുന്നു മിനി. ഇതിനിടെയാണ് സാമൂഹ്യനീതി ഓഫീസ് മുഖാന്തിരം സര്‍ക്കാര്‍ ഭിന്നശേഷിക്കാര്‍ക്കായി നല്‍കുന്ന ഇലക്ട്രോണിക്സ് വീല്‍ ചെയര്‍ മിനിക്കും ലഭിച്ചത്.