കാസർഗോഡ്: കാര്‍ഷിക സമൃദ്ധിയുടെ പെരുമ വിളിച്ചോതി കുടുംബശ്രീ സംഘടിപ്പിച്ചു വരുന്ന മഴപ്പൊലിമ ചെമ്മനാട് സി ഡി എസിന്റെ നേതൃത്വത്തില്‍ കളനാട് ഏറംകൈ വയലില്‍ നടന്നു. വര്‍ഷങ്ങളായി തരിശായി കിടന്നിരുന്ന 14 ഏക്കറോളം വരുന്ന വയലിലാണ് കുടുംബശ്രീ സി ഡി എസിന്റെ നേതൃത്വത്തില്‍ നെല്‍കൃഷിക്ക് തുടക്കം കുറിച്ചത്.

കഴിഞ്ഞ വര്‍ഷവും ഈ വയലില്‍ സി ഡി എസിന്റേയും ഹരിത ജെ എല്‍ ജി യുടേയും നേതൃത്വത്തില്‍ കൃഷി ഇറക്കിയിരുന്നു. ജില്ലയിലെ കുടുബശ്രീയുടെ തനത് ഉത്സവമായ മഴപൊലിമ നാട്ടി ഉത്സവം ചെമ്മനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുഫൈജ അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. സി. ഡി. എസ് ചെയര്‍പേഴ്‌സണ്‍ മുംതാസ് അബൂബക്കറിന്റെ നേതൃത്വത്തില്‍ കയമ, ജയ എന്നീ വിത്തിനങ്ങളാണ് നെല്‍കൃഷിക്കായി ഉപയോഗിക്കുന്നത്. കഴിഞ്ഞ വര്‍ഷം ചെമ്മനാട് സി ഡി എസ് അരിശ്രീ എന്ന ബ്രാന്റില്‍ ഇറക്കിയ അരിക്ക് വിപണിയില്‍ നല്ല സ്വീകാര്യത ലഭിച്ചിരുന്നു.

പരിപാടിയില്‍ പഞ്ചായത്ത്‌ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ശംസുദ്ധീന്‍ തെക്കില്‍, പഞ്ചായത്തംഗങ്ങളായ മൈമൂന അബ്ദുല്‍ റഹിമാന്‍, രാജന്‍ കെ പൊയ്‌നാച്ചി, രേണുക ഭാസ്‌കരന്‍, വീണാ റാണി ശങ്കര, മറിയ മാഹിന്‍, സി ഡി എസ് വൈസ് ചെയര്‍പേഴ്‌സണ്‍ രമ, സി.ഡി.എസ് മെമ്പര്‍മാരായ ഇന്ദിര, നിര്‍മ്മല, ശശികല, ധന്യ, സീനത്ത്, വിദ്യ, ജെനി തുടങ്ങിയവര്‍ സംബന്ധിച്ചു.