പുതിയതായി 21 ഹെക്ടര്‍ തരിശുഭൂമിയില്‍ കൃഷിയിറക്കും

കാസർഗോഡ്: കാര്‍ഷിക സംസ്‌കൃതിയെ മുറുകെ പിടിച്ച് പഴമയിലാണ്ട നാട്ടിപ്പാട്ടുകളുടെ വായ്ത്താരികള്‍ മുഴക്കുകയാണ് കുടുംബശ്രീ ജില്ലാ മിഷന്‍. ‘മഴപ്പൊലിമ’ യില്‍ നാട്ടുകൂട്ടം ഒത്തുകൂടി മഴയും കൃഷിയും സൗഹൃദവും ആഘോഷമാക്കുകയാണ്. തരിശു ഭൂമി കൃഷിയോഗ്യമാക്കുക, ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുക, പൊതു ജനങ്ങളെ, പ്രത്യേകിച്ച് യുവതലമുറയെ കൃഷിയിലേക്ക് ആകര്‍ഷിക്കുക, ജില്ലയുടെ കാര്‍ഷിക സംസ്‌കൃതി വീണ്ടെടുക്കുക എന്നീ ലക്ഷ്യങ്ങളോടെ ജില്ലാ കുടുംബശ്രീ ജില്ലാ മിഷന്‍ ആവിഷ്‌കരിച്ച കാര്‍ഷിക പുനരാവിഷ്‌കരണ പരിപാടിയാണ് മഴപ്പൊലിമ. തുര്‍ച്ചയായി നാലാം വര്‍ഷവും സംഘടിപ്പിച്ചുവരുന്ന ക്യാമ്പയിന്‍ ഈ വര്‍ഷവും ആരംഭിച്ചു കഴിഞ്ഞു.

മഴപ്പൊലിമ ക്യാമ്പയിനിലൂടെ ജില്ലയിലെ മുഴുവന്‍ തരിശുഭൂമിയും ഭക്ഷ്യ സമൃദ്ധമാക്കികൊണ്ട് കാര്‍ഷിക മേഖലയില്‍ വന്‍ മുന്നേറ്റമാണ് ലക്ഷ്യം വെക്കുന്നത്. ഈ വര്‍ഷം പുതിയതായി 21 ഹെക്ടര്‍ തരിശുഭൂമി കൃഷി ചെയ്യാനായി കണ്ടെത്തിയിട്ടുണ്ട്. കോവിഡ് 19 പശ്ചാത്തലത്തില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും ഭക്ഷ്യധാന്യങ്ങളും പച്ചക്കറി ഉള്‍പ്പെടെയുള്ള ഭക്ഷ്യ ഉല്‍പ്പന്നങ്ങളും ലഭ്യമാകുന്നത് കുറഞ്ഞുവരുന്ന സാഹചര്യത്തില്‍ ഉപഭോക്തൃ സംസ്ഥാനമായ കേരളം കാര്‍ഷിക മേഖലയില്‍ സ്വയം പര്യാപ്തത ആര്‍ജിക്കാനുള്ള യത്‌നത്തില്‍ കുടുംബശ്രീ ജില്ലാ മിഷനും കൈകോര്‍ക്കുകയാണ്.

കഴിഞ്ഞ വര്‍ഷങ്ങളില്‍ നടത്തിയ മഴപ്പൊലിമയിലൂടെ 1254 ഹെക്ടര്‍ വയലില്‍ കൃഷിയിറക്കി. മഴപ്പൊലിമയിലൂടെ ഇതുവരെയായി 123,89,20,000 ലിറ്റര്‍ വെള്ളം ഭൂമിക്കടിയിലേക്ക് സംഭരിക്കാന്‍ സാധിച്ചു. ജില്ലയുടെ ഭൂപ്രകൃതി അനുസരിച്ച് മഴവെള്ളം നേരിട്ട് കടലിലേക്ക് പതിക്കുന്നത് ഒഴിവാക്കി മഴവെള്ളം സംഭരിച്ച് വെക്കാന്‍ കഴിഞ്ഞു. നെല്‍പ്പാടങ്ങളില്‍ സംഭരിക്കുന്ന ജലം ഭൂഗര്‍ഭ ജലവിതാനം ഉയര്‍ത്താനും അതിലൂടെ സമീപ പ്രദേശങ്ങളിലെ കിണറുകളിലും കുളങ്ങളിലും കുടിവെള്ളത്തിന്റെ അളവ് ഉയര്‍ത്താനും സഹായകമായി.

ജില്ലയില്‍ ആകെ കണ്ടെത്തിയ 1705 ഹെക്ടര്‍ തരിശ് ഭൂമിയില്‍ 1556 ഹെക്ടര്‍ ഭൂമി 2017 മുതല്‍ നടത്തിവരുന്ന മഴപ്പൊലിമയിലൂടെ കൃഷിയോഗ്യമായി. വയല്‍ കൃഷി കൂടാതെ കര നെല്‍കൃഷി, പച്ചക്കറി, കിഴങ്ങ് വര്‍ഗങ്ങള്‍, വാഴ തുടങ്ങിയവ കുടുംബശ്രീ അംഗങ്ങള്‍ കൃഷി ചെയ്യുന്നുണ്ട്. മുഴുവന്‍ പഞ്ചായത്തുകളിലും കുടുംബശ്രീ നേതൃത്വത്തില്‍ ആഴ്ച ചന്തകളും കാര്‍ഷിക വിപണന കേന്ദ്രങ്ങളും ആരംഭിച്ചു. ഇതിലൂടെ 10,77,500 രൂപയുടെ വരുമാനം കര്‍ഷകര്‍ക്ക് നേടാനായി.

നാട്ടു ചന്തകള്‍ സജീവമായതോടെ സംഘകൃഷി ചെയ്ത് ഉത്പാദിപ്പിച്ച വിളകള്‍ക്ക് ന്യായ വില ലഭിച്ചു. 6084 ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പ് അംഗങ്ങള്‍ക്ക് കൃഷി ഒരു മികച്ച വരുമാന മാര്‍ഗ്ഗമാക്കാന്‍ കഴിഞ്ഞു. വിഷ രഹിത പച്ചക്കറികളും അരിയും വിതരണം ചെയ്ത് മഴപ്പൊലിമയിലൂടെ പൊതുജനങ്ങള്‍ക്ക് ആരോഗ്യ ദായകമായ ഭക്ഷണം നല്‍കാന്‍ കുടുബശ്രീയ്ക്ക് സാധിച്ചു.

ജാതി-മത-ലിംഗ-രാഷ്ട്രീയ ഭേദമെന്യേ സമൂഹത്തിലെ മുഴുവന്‍ ജനങ്ങളേയും കൃഷിയിലേക്ക് ആകര്‍ഷിക്കാനുള്ള മികച്ച മാര്‍ഗ്ഗമാക്കി മഴപ്പൊലിമ. ഭക്ഷ്യ സുരക്ഷയിലേക്കുള്ള അകലം കുറച്ച്, കൈമോശം വന്നുപോയ കാര്‍ഷിക സംസ്‌കൃതിയെ മുറുകെ പിടിച്ച് മുന്നേറുന്ന മഴപ്പൊലിമ മികച്ച മാതൃകയാണ്. ജനങ്ങളുടെ ജീവിതം സുസ്ഥിര വികസനവുമായി കോര്‍ത്തിണക്കിക്കൊണ്ട് ജലസുരക്ഷ, ഭക്ഷ്യസുരക്ഷ, സാമ്പത്തിക സുരക്ഷ, സാമൂഹിക സുരക്ഷ എന്നീ നാല് അടിസ്ഥാന മേഖലകളില്‍ സ്വയംപര്യാപ്തത കൈവരിക്കുക എന്ന ആശയമാണ് മഴപ്പൊലിമയിലൂടെ കുടുംബശ്രീ മിഷന്‍ മുന്നോട്ടുവയ്ക്കുന്നത്. സി.ഡി.എസുകളെ കൂടാതെ എ.ഡി.എസിലൂടെ വാര്‍ഡ് തലത്തിലുള്ള പ്രവര്‍ത്തനങ്ങളും ഏകോപിപ്പിക്കുന്നുണ്ട്.