ജില്ലയില്‍ മത്സ്യബന്ധനത്തിന് പോകുന്ന എല്ലാ യാനങ്ങളും ഹാര്‍ബര്‍ മാനേജ്മെന്റ് സൊസൈറ്റിയുടെ പെര്‍മിറ്റ് എടുക്കണമെന്ന് ജില്ലാ കലക്ടര്‍ ഡോ.എന്‍.തേജ് ലോഹിത് റെഡ്ഡി അറിയിച്ചു. ട്രോളിങ് നിരോധനത്തിന് ശേഷം ഹാര്‍ബറിന്റെ പ്രവര്‍ത്തനം വിലയിരുത്തുന്നതിനായി കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ബേപ്പൂര്‍ ഹാര്‍ബര്‍ മാനേജ്മെന്റ് സൊസൈറ്റി യോഗത്തിലാണ് തീരുമാനം. ഹാര്‍ബറില്‍ നിന്ന് മത്സ്യബന്ധനത്തിന് പോവുകയും വരികയും ചെയ്യുന്ന യാനങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ നടത്താന്‍ കമ്മിറ്റി തീരുമാനിച്ചു. മത്സ്യബന്ധനത്തില്‍ ഏര്‍പ്പെടുന്ന തൊഴിലാളികളുടെ 7 ദിവസത്തിനുള്ളില്‍ എടുത്ത കോവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ രേഖ എന്നിവയുടെ പകര്‍പ്പ് അതത് ബോട്ടുടമകള്‍ പെര്‍മിറ്റ് എടുക്കുന്നതിന് ഹാജരാക്കണം. ഹാര്‍ബറിലേക്ക് പ്രവേശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. ഹോള്‍ സെയില്‍, റീട്ടെയില്‍ വില്പനക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും മാത്രമായിരിക്കും പ്രവേശനം. ഫിഷിംഗ് ഹാര്‍ബറില്‍ മത്സ്യതൊഴിലാളികള്‍ക്ക് കൊവിഡ് പരിശോധാ ക്യാമ്പ് നടത്തുമെന്ന് കലക്ടര്‍ പറഞ്ഞു. കോവിഡ് പരിശോധനക്ക് മൊബൈല്‍ ടെസ്റ്റിംഗ് വാന്‍ ഒരുക്കും.

ബോട്ടുകളില്‍ ഐസ്, ഡീസല്‍, വെള്ളം എന്നിവ കയറ്റുന്നതിന് യോഗം അനുമതി നല്‍കി.
ഹാര്‍ബറില്‍ അനധികൃതമായി പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും യോഗം തീരുമാനിച്ചു. മത്സ്യ വിപണന സമയം കഴിഞ്ഞാല്‍ ഹാര്‍ബറില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പാടില്ല. പാര്‍ക്കിംഗ് നിയന്ത്രണത്തിന് ഹാര്‍ബര്‍ എന്‍ജിനീയറിംഗ് വിഭാഗത്തെ ചുമതലപ്പെടുത്തി. ഒരു ഭാഗം മാത്രം കേന്ദ്രീകരിച്ച് മത്സ്യ വില്‍പ്പന നടത്താതെ ഹാര്‍ബറിലെ മറ്റ് സ്ഥലം കൂടെ ഉപയോഗപ്പെടുത്തി വില്‍പ്പന നടത്താന്‍ കലക്ടര്‍ നിര്‍ദ്ദേശിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണം. മത്സ്യ വില്പന സാമൂഹിക അകലം പാലിച്ചു കൊണ്ടായിരിക്കണം.

വാര്‍ഡ് കൗണ്‍സിലര്‍ ഗിരിജ ടീച്ചര്‍, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍മാരായ പി.കെ.രഞ്ജിനി, ബി.കെ.സുധീര്‍ കിഷണ്‍, ഹാര്‍ബര്‍ എഞ്ചിനിയറിംഗ് വകുപ്പ്, പോലീസ്, ആരോഗ്യ വകുപ്പ്, മത്സ്യഫെഡ് ഉദ്യോഗസ്ഥര്‍, ഹാര്‍ബര്‍ മാനേജ്മെന്റ് സൊസൈറ്റി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.