മലപ്പുറം: കോവിഡിനിടയിലും ജാഗ്രതയോടെ ഓണമാഘോഷിക്കാനായി തയ്യാറാക്കുന്ന ഓണക്കിറ്റുകളുടെ പാക്കിങ് ജില്ലയിലും പുരോഗമിക്കുന്നു. ജൂലൈ 31 മുതല്‍ ഓണക്കിറ്റ് വിതരണം ആരംഭിക്കും. 10 ലക്ഷത്തോളം കിറ്റുകളാണ് ജില്ലയില്‍ വിവിധ കാര്‍ഡുകളിലായി വിതരണം ചെയ്യുന്നത്. ഓണക്കിറ്റ് സഞ്ചിയുള്‍പ്പെടെ 16 ഇന ഓണക്കിറ്റ് എല്ലാ വിഭാഗം കാര്‍ഡുടമകള്‍ക്കും റേഷന്‍ കടകള്‍ വഴിയാണ്  ലഭിക്കുക.

ജില്ലയില്‍ ആദ്യഘട്ടത്തില്‍  എ.എ.വൈ (മഞ്ഞ) വിഭാഗത്തിനും പി.എ.എച്ച്.എച്ച് (പിങ്ക്) വിഭാഗത്തിനുമാണ് കിറ്റ് നല്‍കുക. എ.എ.വൈ വിഭാഗത്തില്‍ 52,816 കിറ്റുകളും പി.എ.എച്ച്.എച്ച് വിഭാഗത്തില്‍ 3,18,744 കിറ്റുകളുമാണ് ജില്ലയില്‍ വിതരണം ചെയ്യുന്നത്.

പഞ്ചസാര (ഒരു കിലോ ഗ്രാം), വെളിച്ചെണ്ണ ( 500 മി.ലിറ്റര്‍), ചെറുപയര്‍ ( 500 ഗ്രാം), തുവരപ്പരിപ്പ്(250 ഗ്രാം), തേയില(100 ഗ്രാം), മുളക് / മുളക് പൊടി (100 ഗ്രാം), ശബരി പൊടിയുപ്പ് (1 കിലോഗ്രാം), മഞ്ഞള്‍ (100 ഗ്രാം), സേമിയ / പാലട / ഉണക്കല്ലരി ( ഒരു പായ്ക്കറ്റ് ) കശുവണ്ടി പരിപ്പ് (50 ഗ്രാം), ഏലക്ക (20 ഗ്രാം), നെയ്യ് (50 മി.ലിറ്റര്‍), ശര്‍ക്കരവരട്ടി / ഉപ്പേരി (100 ഗ്രാം), ആട്ട (1 കിലോഗ്രാം), ശബരി ബാത്ത് സോപ്പ് (1) എന്നി സാധനങ്ങളാണ് കിറ്റിലൂടെ ലഭിക്കുക. ജില്ലയില്‍ ഓണക്കിറ്റുകളുടെ പാക്കിങ് പുരോഗമിച്ചു കൊണ്ടിരിക്കുകയാണെന്നും ജൂലൈ 31 മുതല്‍ വിതരണം ആരംഭിക്കുമെന്നും വിതരണം ചെയ്യാനുള്ള എല്ലാ തയ്യാറാടെപ്പുകളും പൂര്‍ത്തിയായെന്നും ജില്ലാ സപ്ലൈ ഓഫീസര്‍ ടി. ബഷീര്‍ അറിയിച്ചു.