ഹെപ്പറ്റൈറ്റിസ് രോഗനിര്‍ണ്ണയവും ചികിത്സയും വൈകിക്കരുത് എന്ന സന്ദേശവുമായി ജൂലൈ 28 (ബുധന്‍) ലോകമെമ്പാടും ഹെപ്പറ്റൈറ്റിസ് ദിനാചരണം നടക്കുന്നു.  മഞ്ഞപ്പിത്തത്തിനെതിരെ പൊതുജനങ്ങളില്‍ അവബോധമുണ്ടാക്കുക, മഞ്ഞപ്പിത്ത നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുകയെന്നതാണ് ദിനാചരണ ലക്ഷ്യം. ഹെപ്പറ്റൈറ്റിസ് വൈറസ് ബാധയ്‌ക്കെതിരെ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ നാരായണ നായ്ക് അറിയിച്ചു. ലക്ഷക്കണക്ക് ആളുകളില്‍ മരണകാരണമായ പൊതുജനാരോഗ്യ പ്രശ്‌നമാണിതെന്നും 2030 ഓടെ ഹെപ്പറ്റൈറ്റിസ് വൈറസ് ബാധ നിര്‍മാര്‍ജ്ജനം ചെയ്യുകയാണ് ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളിലൊന്നെന്നും അദ്ദേഹം പറഞ്ഞു.

എ, ബി, സി, ഡി, ഇ എന്നിങ്ങനെ അഞ്ച് തരം വൈറസ് ബാധയാണ് കണ്ടെത്തിയിട്ടുള്ളത്.  ഇതില്‍ സുരക്ഷിതമല്ലാത്ത കുത്തിവെപ്പുകളിലൂടെ പകരുന്നതും മാരകവുമായ ഹെപ്പറ്റൈറ്റിസ് ബി, സി എന്നിവക്കായുള്ള രക്തപരിശോധന പ്രതിരോധ കുത്തിവെയ്പ്പ്, ഹെപ്പറ്റൈറ്റിസ് ഇമ്മ്യൂണോ ഗ്ലോബിന്‍, രോഗചികിത്സ എന്നിവ തെരഞ്ഞെടുത്ത സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യമാണ്.  ഭിന്നവര്‍ഗ – സ്വവര്‍ഗ ലൈംഗിക ബന്ധങ്ങളില്‍ സുരക്ഷിതമല്ലാത്ത ലൈംഗിക ശീലങ്ങള്‍ പുലര്‍ത്തുന്നവര്‍ക്കും രോഗബാധയ്ക്കുള്ള സാധ്യത കൂടുതലാണ്. രക്തം സ്വീകരിക്കുമ്പോഴോ, ഡയാലിസിസിന് വിധേയമാക്കുമ്പോഴോ അണുബാധയുള്ള രക്തത്തിന്റെയും രക്ത ഘടകങ്ങളുടെയും സ്വീകരണം ഹെപ്പറ്റൈറ്റിസ് ബി സി എന്നിവയ്ക്ക് കാരണമാകും.

അമ്മയില്‍ നിന്നും കുഞ്ഞിലേക്ക് പകരുന്നതാണ് ഹൈപ്പറ്റൈറ്റിസ് ബി യുടെ ഒരു പ്രധാന പകര്‍ച്ചാ രീതി. അതിനാല്‍ എല്ലാ ഗര്‍ഭിണികളും ഹൈപ്പറ്റൈറ്റിസ് ടെസ്റ്റിന് വിധേയരാകണം. ഹെപ്പറ്റൈറ്റിസ് ബി പോസിറ്റീവ് ആയ ഗര്‍ഭിണികളുടെ പ്രസവം ആരോഗ്യ കേന്ദ്രങ്ങളില്‍ മാത്രം നടത്താന്‍ ശ്രദ്ധിക്കണം. നവജാത ശിശുക്കള്‍ക്ക് പ്രസവിച്ച് 24 മണിക്കൂറിനുള്ളില്‍് ഹെപ്പറ്റൈറ്റിസ് ബി പ്രതിരോധ കുത്തിവെയ്പ്പ് നിര്‍ബന്ധമായും നല്‍കണം. ഹെപ്പറ്റൈറ്റിസ് ബി കണ്ടെത്തിയ അമ്മയ്ക്ക് പിറക്കുന്ന കുഞ്ഞിന് പ്രതിരോധ കുത്തിവെയ്പ്പിനോടൊപ്പം ഹെപ്പറ്റൈറ്റിസ് ബി ഇമ്മ്യൂണോ ഗ്ലോബിന്‍ നല്‍കണം.  ജില്ലയില്‍ ഗവ.മെഡിക്കല്‍ കോളേജ്, ജില്ലാ ആശുപത്രി എന്നിവിടങ്ങളില്‍ ഇത്തരം സൗകര്യം ഏര്‍പ്പെടുത്തിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.