കാസർഗോഡ്: നീലേശ്വരം നഗരസഭ കോണ്‍ഫറന്‍സ് ഹാള്‍ നിര്‍മ്മാണം ആരംഭിച്ചു. എം.രാജഗോപാലന്‍ എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച ഒരു കോടി രൂപ ഉപയോഗിച്ച് നഗരസഭയുടെ അധീനതയില്‍ കോട്ടപ്പുറത്തുള്ള സ്ഥലത്താണ് കോണ്‍ഫറന്‍സ് ഹാള്‍ നിര്‍മ്മിക്കുന്നത്. 5000 ചതുരശ്ര അടി വിസ്തൃതിയില്‍ 400 ആളുകളെ ഉള്‍ക്കൊള്ളുന്ന ഹാളും, 600 ചതുരശ്ര അടി വലുപ്പത്തിലുള്ള സ്റ്റേജ്, വിശാലമായ പാര്‍ക്കിംഗ് സൗകര്യം, കലാകാരന്മാര്‍ക്കുള്ള ഗ്രീന്‍ റൂം, അറ്റാച്ചഡ് ശുചിമുറി സൗകര്യം എന്നിവ ഉള്‍പ്പെടെയാണ് കെട്ടിടം നിര്‍മ്മിക്കുന്നത്.
നിരവധി കലാസാംസ്‌ക്കാരിക സംഘടനകള്‍ പ്രവര്‍ത്തിക്കുന്ന നഗരസഭയില്‍ കോണ്‍ഫറന്‍സ് ഹാള്‍ വലിയ സഹായമാകും. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ടി.വി.ശാന്ത, വൈസ് ചെയര്‍മാന്‍ പി.പി.മുഹമ്മദ് റാഫി, വികസനകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ വി.ഗൗരി, കൗണ്‍സിലര്‍മാരായ ഷംസുദ്ദീന്‍ അരിഞ്ചിറ, റഫീക് കോട്ടപ്പുറം, നഗരസഭാ എഞ്ചിനീയര്‍ സി. രജീഷ്‌കുമാര്‍, നിര്‍മ്മാണ സഹായ കമ്മിറ്റി ഭാരവാഹികളായ വി.എം. പുരുഷോത്തമന്‍, റസാക്ക് പുഴക്കര, ടി.വി. ഭാസ്‌ക്കരന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.