കാസർഗോഡ്: രാജാറോഡ് വികസനത്തിന് ആവശ്യമായ സ്ഥലം ഏറ്റെടുക്കുമ്പോൾ ഒഴിവാക്കേണ്ടി വരുന്ന കെട്ടിടങ്ങളുടെ കണക്കെടുപ്പ് തുടങ്ങി. 14 മീറ്റർ വീതിയിൽ ഏറ്റെടുക്കുന്നതിനു വേണ്ടി സർവേ വകുപ്പ് അളന്ന് അലൈൻമെൻറ് നിശ്ചയിച്ച ഭൂമിയുടെ അകത്ത് വരുന്ന, ഭാഗികമായോ പൂർണമായോ ഒഴിവാക്കേണ്ടി വരുന്ന കെട്ടിടങ്ങളുടെ കണക്കെടുപ്പാണ് കിഫ്ബി പദ്ധതികൾക്കു വേണ്ടി പ്രത്യേകമായി രൂപീകരിച്ച റവന്യൂ വിഭാഗത്തിൻറെ നേതൃത്വത്തിൽ ആരംഭിച്ചത്. റവന്യൂ വകുപ്പ് ആർ.ഐമാരായ സന്തോഷ്, ചന്ദ്രശേഖർ എന്നിവരുടെ നേതൃത്വത്തിലാണ് സർവ്വെ ആരംഭിച്ചത്.

കണക്കെടുപ്പിൽ ഉൾപ്പെടുന്ന കെട്ടിടങ്ങളുടെ മൂല്യ നിർണ്ണയം പി.ഡബ്ല്യു.ഡി കെട്ടിട വിഭാഗമാണ് നടത്തേണ്ടത്.
2017 ലെ സംസ്ഥാന സർക്കാർ ബജറ്റിലാണ് രാജാറോഡ് വികസനത്തിനും കച്ചേരിക്കടവ് പാലത്തിനുമായി 40 കോടി രൂപ അനുവദിച്ചത്. പിന്നീട് രണ്ടായി വിഭജിക്കപ്പെട്ട പദ്ധതിയിൽ രാജാറോഡ് വികസനം കിഫ്ബി ഏറ്റെടുക്കുകയും സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടികൾ റവന്യൂ വകുപ്പിന് കൈമാറുകയും ചെയ്തു. സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടികളുടെ ചെലവുകൾക്കാവശ്യമായ 50 ലക്ഷം രൂപ കിഫ്ബി റവന്യൂ വകുപ്പിന് ഇതിനകം നൽകിയിട്ടുണ്ട്.

ഏറ്റെടുക്കുന്ന കെട്ടിടങ്ങളുടെയും ഭൂമിയുടെയും മൂല്യനിർണയം പൂർത്തീകരിക്കുന്ന മുറയ്ക്ക് ഉടമസ്ഥർക്ക് നഷ്ടപരിഹാരം നൽകി ഭൂമി ഏറ്റെടുക്കാനുള്ള നടപടികൾ ആരംഭിക്കും. എട്ട് കോടി രൂപയാണ് ഭൂമി ഏറ്റെടുക്കാൻ മാത്രം പദ്ധതിയിൽ ഉൾപ്പെടുത്തിയത്. കിഫ്ബി പദ്ധതിയുടെ നടത്തിപ്പിനും വേണ്ടി മാത്രം സർക്കാർ ചുമതലപ്പെടുത്തിയ പ്രത്യേക എഞ്ചിനീയർ വിഭാഗത്തിൻറെ (കെ.ആർ.എഫ്.ബി) മേൽനോട്ടത്തിലാണ് രാജാറോഡ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുക.

നഗരസഭാ ചെയർപേഴ്‌സൺ ടി.വി. ശാന്ത, വൈസ് ചെയർമാൻ പി.പി. മുഹമ്മദ്‌റാഫി, മരാമത്ത് സ്ഥിരം സമിതി ചെയർമാൻ കെ.പി. രവീന്ദ്രൻ, വികസന സ്ഥിരംസമിതി അദ്ധ്യക്ഷ വി. ഗൗരി, ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ പി. സുഭാഷ്, കൗൺസിലർ ഇ.ഷജീർ, റവന്യൂ ഇൻസ്‌പെക്ടർ കെ. മനോജ്കുമാർ എന്നിവർ ഉണ്ടായിരുന്നു.