മലയോരത്ത് ഏലം കൃഷി പുനരുജ്ജീവിപ്പിച്ച് കുടുംബശ്രീ. പനത്തടി സി ഡി എസിന് കീഴിലെ ജ്യോതി, സ്നേഹ ജെഎൽജികളാണ് പഞ്ചായത്തിലെ വനാതിർത്തി മേഖലകളായ റാണിപുരം, കുറുഞ്ഞി പെരുന്തടി മേഖലകളിൽ ഏലം കൃഷി ഇടവിളയായി വ്യാപിപ്പിക്കുന്നത്്. ആന ശല്യം രൂക്ഷമായ ഈ പ്രദേശങ്ങളിൽ വാഴയും മറ്റും കൃഷി ചെയ്യാനാകാത്ത സാഹചര്യത്തിൽ ഏലം കൃഷി കർഷകർക്ക് വലിയ ആശ്വാസമാണ്. ഇത്തരത്തിൽ ഉൽപാദിപ്പിക്കുന്ന ഏലയ്ക്ക കുടുംബശ്രീ ജില്ലാ മിഷന്റെ ഫാം ലൈവ്ലിഹുഡിൽ ഉൾപ്പെടുത്തി സി ഡി എസിന്റെ ബ്രാന്റായ മാ (മിഷൻ ഫോർ പോവർട്ടി അലിവേഷൻ ആക്ടിവിറ്റീസ്) യുടെ കീഴിൽ പൊതുവിപണിയിലെത്തും. ഈ പ്രദേശങ്ങളിൽ മുൻകാലങ്ങളിൽ നിലനിന്നിരുന്ന ഏലം കൃഷി കാലക്രമേണ വീട്ടാവശ്യങ്ങളിലേക്ക് മാത്രമായി ഒതുങ്ങുകയായിരുന്നു.
അടുത്ത വൃശ്ചികത്തിൽ ഏലം കൃഷി കൂടുതൽ സംഘങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതോടൊപ്പം ഗ്രാമ്പുവും കൃഷി ചെയ്യാൻ പദ്ധതിയിടുന്നു. ഇതിനുള്ള തൈകൾ തദ്ദേശീയമായിത്തന്നെ ഉൽപാദിപ്പിക്കും. പദ്ധതിക്ക് ജില്ലാ മിഷന്റെ സഹായവും പിന്തുണയുമുണ്ട്. കുരുമുളക്, കാപ്പി എന്നിവയ്ക്ക് പുറമെ തേനീച്ചക്കൃഷി വ്യാപിപ്പിക്കാനും പദ്ധതിയുണ്ട്. സംഘകൃഷികളിൽ പച്ചക്കറികൾക്ക് പുറമെ കാലാവസ്ഥയ്ക്കും ഭൂപ്രകൃതിക്കും അനുയോജ്യമായ സുഗന്ധവ്യഞ്ജനങ്ങളും കൃഷി ചെയ്യുന്നത് മലയോര കർഷകർക്കും ജില്ലയുടെ കാർഷിക മേഖലയ്ക്കും പുത്തൻ ഉണർവേകുന്നു.