ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ ഭാഗമായി പഠനബോധന പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടത്തുന്നതിന് ജില്ലയിലെ പൊതുവിദ്യാലയങ്ങളിലെ പ്രൈമറി അധ്യാപകർക്ക് ഡയറ്റിന്റെ നേതൃത്വത്തിൽ ഇന്ററാക്ടീവ് സോഫ്‌റ്റെ്‌വെയർ പരിശീലനം നൽകി. എന്റെ ഇ-സ്‌കൂൾ എന്ന പദ്ധതിയ്ക്കായി ഡയറ്റിലെ എജുക്കേഷൻ ടെക്നോളജി വിഭാഗവും കാസർകോട് കൈറ്റ് വിഭാഗവും ചേർന്നാണ് മോഡ്യൂൾ തയ്യാറാക്കിയത്.
ജില്ലയിലെ ഏഴ് ഉപജില്ലകളിലെ എൽപി, യുപി വിദ്യാലയങ്ങളിലെയും ഹൈസ്‌കൂളുകളിലെ പ്രൈമറി വിഭാഗത്തിലെയും ഐടി കോ ഓഡിനേറ്റർമാർക്കാണ് നേരിട്ട് പരിശീലനം നൽകിയത്. ഇവർ എസ്ആർജി ചേർന്ന് സ്‌കൂളുകളിലെ മറ്റ് അധ്യാപകർക്ക് പരിശീലനം നൽകും. ഗൂഗിൾ മീറ്റ് ലൈവ്, വീഡിയോ എഡിറ്റിങ്ങിനുള്ള കൈൻ മാസ്റ്റർ, ഇന്ററാക്റ്റീവ് ബോർഡായ ജാംബോർഡ്, ഓപ്പൺ ബോർഡ്, വീഡിയോ കംപ്രസ്സർ, ഡിജിറ്റൽ പ്ലാറ്റ്ഫോമായ ഗൂഗിൾ ഡ്രൈവ് എന്നീ സങ്കേതങ്ങൾ ഉൾപ്പെടുത്തിയ ഓൺലൈൻ പരിശീലനമാണ് നൽകിയത്. ഇതിനായി പതിനഞ്ചോളം റിസോഴ്സ് പേഴ്സൺമാരുടെ സേവനം ഉപയോഗിച്ചു. ജൂലൈ 31 നകം സ്‌കൂൾതല പരിശീലനം പൂർത്തിയാക്കും. ജില്ലയിലെ മുഴുവൻ അധ്യാപകർക്കും തുടർ പരിശീലനം ഉറപ്പുവരുത്തുമെന്ന് ഡയറ്റ് പ്രിൻസിപ്പൽ ഡോ. എം ബാലൻ അറിയിച്ചു.