കോഴിക്കോട്:   കല്ലായി പുഴയിൽ അടുപ്പിനി മുതൽ കോതി വരെ 4.20 കിലോമീറ്റർ ദൂരത്തിൽ ചെളിയും മാലിന്യങ്ങളും നീക്കി ഒഴുക്ക് സുഖമമാക്കുന്നതിനുള്ള നടപടി എത്രയും വേഗം കൈകൊള്ളുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിയമസഭയിൽ പറഞ്ഞു. നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ കല്ലായ് പുഴയിലെ ചെളി നീക്കം ചെയ്യുകയും പുഴക്ക് ആഴം കൂട്ടുകയും വേണമെന്നത് സംബന്ധിച്ച വിഷയം തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ നിയമസഭയിൽ അവതരിപ്പിച്ചതിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

ചെളി നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് നിലവിലുള്ള എസ്റ്റിമേറ്റ് ജലവിഭവ വകുപ്പ് പുനപരിശോധിച്ച് സാങ്കേതിക അനുമതി നൽകി പ്രവർത്തി അടിയന്തരമായി നടപ്പിലാക്കുമെന്ന് മന്ത്രി പറഞ്ഞു. ഡ്രഡ്ജ് ചെയ്തു ലഭിക്കുന്ന ചെളിയിലെ മണൽ നിർമ്മാണ പ്രവർത്തനങ്ങൾക്കും മറ്റ് അവശിഷ്ടങ്ങൾ ഫില്ലിംഗിനും ഉപയോഗിക്കാവുന്നതാണ്. ഇതു സംബന്ധിച്ചുള്ള നടപടികൾക്ക് സൂപ്രണ്ടിങ് എഞ്ചിനീയറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

നഗരത്തിന്റെ ഹൃദയഭാഗമായ മാവൂർ റോഡിൽ ഏറ്റവും പ്രധാന വാണിജ്യ കേന്ദ്രങ്ങളും, കോർപ്പറേഷൻ ബസ് സ്റ്റാൻഡ് എന്നിവ നിലകൊള്ളുന്നു. ശക്തമായ മഴ പെയ്താൽ പ്രദേശം മുഴുവൻ വെള്ളം കയറുന്ന അവസ്ഥയാണ്. നഗരത്തെ രണ്ടായി മുറിച്ചു കൊണ്ട് 11.2 മീറ്റർ കിലോമീറ്റർ നീളത്തിലാണ് കനോലി കനാൽ നിലനിൽക്കുന്നത്. കനോലി കനാലിന് ആഴം കൂട്ടുകയും ഒഴുക്ക് സുഗമമാക്കുന്നതിനും കല്ലായി പുഴയിലെ ചെളി നീക്കം ചെയ്യുന്നതിലൂടെ മാത്രമേ സാധിക്കുകയുള്ളുവെന്ന് എം എൽ എ പറഞ്ഞു. നേരത്തെ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്, തോട്ടത്തിൽ രവീന്ദ്ര എം.എൽ.എ , മേയർ ഡോ.ബീന ഫിലിപ്പ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം കോഴിക്കോട് നഗരത്തിലെ വെള്ളക്കെട്ട് സംബന്ധിച്ച പ്രശ്നം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു.