എറണാകുളം: ജില്ലയിൽ ഈ വർഷം ഹയർ സെക്കൻഡറി പരീക്ഷ എഴുതിയ 1624 വിദ്യാർത്ഥികളിൽ 1237 പേർ വിജയിച്ചു. വിജയ ശതമാനം 76.17. വൊക്കേഷണൽ ഹയർ സെക്കൻഡറി (വി.എച്ച്.എസ്.സി) വിഭാഗത്തിൽ 485 വിദ്യാർത്ഥികൾ പരീക്ഷ എഴുതിയതിൽ 363 പേർ വിജയിച്ചു. വിജയ ശതമാനം 74.85.
ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണയവും സൂക്ഷ്മ പരിശോധനയും നടത്തുന്നതിന് http://vyww.vhsems.kerala.gov.in എന്ന പോർട്ടലിൽ ലഭ്യമായ അപേക്ഷ ഫോറം പൂരിപ്പിച്ച് മതിയായ ഫീസ് സഹിതം പഠനം പൂർത്തിയാക്കിയ വിദ്യാലയത്തിൽ ഈ മാസം 31 നകം സമർപ്പിക്കണം.
ഒന്നിലധികം വിഷയങ്ങൾക്കും ഒരു അപേക്ഷ ഫോറം മതിയാകും. മാർക്ക് ലിസ്റ്റുകളുടെ പകർപ്പ് അപേക്ഷയ്ക്കൊപ്പം സമർപ്പിക്കണം. ഇരട്ട മൂല്യനിർണയം നടത്തിയതിനാൽ ഫിസിക്സ് , കെമിസ്ട്രി, കണക്ക് എന്നീ വിഷയങ്ങൾക്ക് സൂക്ഷ്മ പരിശോധനയും പുനർമൂല്യനിർണയവും ഉണ്ടായിരിക്കില്ല. പേപ്പർ ഒന്നിന് പുനർമൂല്യനിർണയത്തിന് 500 രൂപയും സൂക്ഷ്മ പരിശോധനക്ക് 100 രൂപയും പരീക്ഷാ കേന്ദ്രങ്ങളിൽ അടക്കണം. പുനർമൂല്യനിർണയത്തിന്റെ ഫലം ആഗസ്റ്റ് മാസത്തിൽ പ്രസിദ്ധീകരിക്കും.
മാർച്ച് 2021 വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യുകയും പരീക്ഷയ്ക്ക് യോഗ്യത നേടാതിരിക്കുകയോ വിവിധ കാരണങ്ങൾകൊണ്ട് പരീക്ഷയ്ക്ക് ഹാജരാകാതിരിക്കുകയോ ചെയ്ത എല്ലാ സ്കീമുകളിലേയും (റഗുലർ & പ്രൈവറ്റ് ) വിദ്യാർഥികൾക്ക് പരാജയപ്പെടുകയോ ഹാജരാകാതിരിക്കുകയോ ചെയ്ത എല്ലാ വിഷയങ്ങൾക്കും 2021 ലെ സേ (സേവ്-എ-ഇയർ) പരീക്ഷക്ക് രജിസ്റ്റർ ചെയ്യാവുന്നതാണ്. സേ പരീക്ഷ 11/08/2021 ൽ ആരംഭിക്കുന്നതാണ്. പ്രായോഗിക പരീക്ഷ ആഗസ്റ്റ് 6 മുതൽ 18 വരെ .