കേരള സംസ്ഥാന ലോട്ടറി ക്ഷേമ ബോര്‍ഡിന്‍റെ ആഭിമുഖ്യത്തില്‍ ലോട്ടറി ക്ഷേമ ബോര്‍ഡും സംസ്ഥാന വികലാംഗ കോര്‍പ്പറേഷനും അംഗപരിമിതരായ ലോട്ടറി തൊഴിലാളികള്‍ക്ക് നല്‍കുന്ന മുച്ചക്ര വാഹന വിതരണത്തിന്‍റെ ജില്ലാതല ഉദ്ഘാടനം ടൗണ്‍ ഹാളില്‍ കോര്‍പ്പറേഷന്‍ മേയര്‍ അജിത ജയരാജന്‍ നിര്‍വഹിച്ചു. ത്യശൂര്‍ ,പാലക്കാട് ജില്ലകളിലെ അംഗപരിമിതരായ 48 ലോട്ടറി തൊഴിലാളികള്‍ക്കാണ് മുച്ചക്ര വാഹന വിതരണം ചെയ്തത്. ലോട്ടറി ക്ഷേമനിധി അംഗങ്ങള്‍ക്ക് 37 മുച്ചക്ര സ്കൂട്ടറുകളും വികലാംഗ ക്ഷേമ കോര്‍പ്പറേഷന്‍ മുഖേന 11 മുച്ചക്ര സ്കൂട്ടറുകളുമാണ് വിതരണം ചെയ്തത്. ലോട്ടറി ക്ഷേമ ബോര്‍ഡിന്‍റെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്ത് നടക്കുന്ന മൂന്നാമത്തെ മുച്ചക്ര വാഹന വിതരണ ചടങ്ങാണിത്. ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ പി.ആര്‍. ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വികലാംഗ ക്ഷേമ ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ. പരശുവയ്ക്കല്‍ മോഹനന്‍ മുഖ്യാതിഥിയായി. സംസ്ഥാന വികലാംഗ ക്ഷേമ കോര്‍പ്പറേഷന്‍ എം.ഡി. കെ. മൊയ്തീന്‍ കുട്ടി, ലോട്ടറിതൊഴിലാളി സംഘടനാ നേതാക്കളായ സി.ജി. ദിവാകരന്‍, വി.കെ. ലതിക, മുന്‍ എം.എല്‍.എ. ബാബു എം പാലിശ്ശേരി, ലോട്ടറി തൊഴിലാളികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ബാബു, കണ്ണന്‍ ടി.ആര്‍. എന്നിവര്‍ മേയര്‍ അജിത ജയരാജനില്‍ നിന്ന് മുച്ചക്ര സ്കൂട്ടറുകളുടെ താക്കോല്‍ എറ്റുവാങ്ങി. ലോട്ടറി ക്ഷേമ ബോര്‍ഡ് അംഗങ്ങളുടെ ആശ്രിതര്‍ക്ക് മരണാനന്തര സഹായം, വിവാഹ ധനസഹായം, പ്രസവാനുകൂല്യങ്ങള്‍ എന്നിവയും ചടങ്ങില്‍ വിതണം ചെയ്തു. സംസ്ഥാന ലോട്ടറി ക്ഷേമ ബോര്‍ഡ് അംഗം എം. കെ. ബാലകൃഷ്ണന്‍ സ്വാഗതവും സംസ്ഥാന ഭാഗ്യക്കുറി ക്ഷേമ ഓഫീസര്‍ എം. രാജ്കപൂര്‍ നന്ദിയും പറഞ്ഞു.
