സര്‍വ്വജന ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പരീക്ഷ കേന്ദ്രത്തില്‍ ഹയര്‍സെക്കണ്ടറി തുല്യത പരീക്ഷ എഴുതി പുറത്തിറക്കിയ പഠിതാക്കള്‍ അമ്പരന്നു. തങ്ങളുടെ ചോദ്യപേപ്പര്‍ വാങ്ങി പരീക്ഷാ വിശേഷങ്ങള്‍ അറിയാന്‍ സുല്‍ത്താന്‍ ബത്തേരി മുനിസിപ്പല്‍ ചെയര്‍മാന്‍ ടി.കെ രമേഷ് മുന്‍പില്‍ നില്‍ക്കുന്നു. ചെയര്‍മാന്‍ ചോദിച്ചപ്പോള്‍ തങ്ങള്‍ക്ക് ഡിഗ്രി പഠിക്കണമെന്നും സാക്ഷരതാമിഷന്‍ തന്നെ അതൊരുക്കി തരണമെന്നും പഠിതാക്കള്‍ക്ക് നിര്‍ബന്ധം . ഒടുവില്‍ സര്‍ക്കാരുമായി ബന്ധപ്പെട്ട് തുടര്‍ പഠനത്തിന് അവസരമൊരുക്കാമെന്ന് ചെയര്‍മാന്‍ ഉറപ്പ് കൊടുത്തു.

കോവിഡ് രോഗികളായ പരീക്ഷാര്‍ത്ഥികളെയും , ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്നവരെ കാണാനും ആത്മവിശ്വാസം പകരാനുമാണ് മുനിസിപ്പല്‍ ചെയര്‍മാന്‍ എത്തിയത്. പരീക്ഷാനുഭവങ്ങള്‍ പങ്കുവെച്ച് ചെയര്‍മാനൊപ്പം സെല്‍ഫി എടുത്താണ് പഠിതാക്കള്‍ പിരിഞ്ഞത്.

കോവിഡ് കാലത്തും ഓണ്‍ലൈന്‍ പഠനത്തിലൂടെ പൊതു പരീക്ഷ എഴുത്തിയവരില്‍ പ്രായമായവരും, കൈക്കുഞ്ഞുങ്ങളുള്ളവരും, ഗര്‍ഭിണികളും ,വിവിധ മേഖലകളില്‍ ജോലി ചെയ്യുന്നവരുമുണ്ട്. കോവിഡ് പൊസിറ്റീവ് ആയവര്‍ക്കും പ്രത്യേക ഹാളില്‍ പരീക്ഷ എഴുതാന്‍ അവസരം ഒരുക്കിയിരുന്നു. സാക്ഷരതാമിഷന്‍ ജില്ലാ കോ- ഓര്‍ഡിനേറ്റര്‍ സ്വയ നാസര്‍, സര്‍വ്വജനഹയര്‍സെക്കണ്ടറി സ്‌ക്കൂള്‍ പ്രിന്‍സിപ്പാള്‍ പി.എ അബ്ദുല്‍ നാസര്‍ , പ്രേരക്മാരായ വത്സ തങ്കച്ചന്‍, ഷിന്‍സി എന്നിവരും ചെയര്‍മാനൊപ്പം ഉണ്ടായിരുന്നു