കോഴിക്കോട്: ജില്ലയിലെ സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ ലോക ഒആര്‍എസ് ദിനം വിവിധ ബോധവല്‍ക്കരണ പരിപാടികളോടെ ആചരിച്ചു. നിര്‍ജ്ജലീകരണം മൂലമുള്ള മരണം തടയുന്ന ജീവദായിനിയായി വൈദ്യശാസ്ത്രം അംഗീകരിച്ചിട്ടുള്ള ഔഷധമാണ് ഒആര്‍എസ് ലായനി എന്നറിയപ്പെടുന്ന ഓറല്‍ റീഹൈഡ്രേഷന്‍ സൊല്യൂഷന്‍. ഒആര്‍എസിന്റെ പ്രധാന്യം പൊതുജനങ്ങളിലേക്കെത്തിക്കുകയാണ് ദിനാചരണത്തിന്റെ ലക്ഷ്യം.

ഇന്ത്യയില്‍ പ്രതിവര്‍ഷം അഞ്ചു വയസ്സില്‍ താഴെയുള്ള കുഞ്ഞുങ്ങളിലെ മരണങ്ങളില്‍ 13 ശതമാനത്തോളം വയറിളക്കം മൂലമുള്ള നിര്‍ജ്ജലീകരണം കാരണമാണ് സംഭവിക്കുന്നത് എന്നാണ് കണക്കാക്കപ്പെടുന്നത്.

ദിനാചരണത്തിന്റെ ഭാഗമായി ആരോഗ്യവകുപ്പ് സംഘടിപ്പിച്ച ജില്ലാ തല വെബിനാര്‍ അഡിഷണല്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എം.പീയൂഷ് ഉദ്ഘാടനം ചെയ്തു. ‘വയറിളക്ക രോഗങ്ങളുടെ നിയന്ത്രണവും ഒആര്‍എസിന്റെ പ്രാധാന്യവും’ എന്ന വിഷയത്തില്‍ ബാലുശ്ശേരി താലൂക്ക് ആശുപത്രിയിലെ ശിശുരോഗ വിഭാഗം ജൂനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ.കൃഷ്ണ മോഹന്‍ ക്ലാസെടുത്തു. അഡി. ഡിഎംഒ ഡോ.എന്‍.രാജേന്ദ്രന്‍, ജില്ലാ സര്‍വയലന്‍സ് ഓഫീസര്‍ ഡോ.സരള നായര്‍, ജില്ലാ ആര്‍സിഎച്ച് ഓഫീസര്‍ ഡോ.ടി.മോഹന്‍ ദാസ്, ജില്ലാ എജ്യൂക്കേഷന്‍ ആന്റ് മീഡിയ ഓഫീസര്‍ ബേബി നാപ്പള്ളി എന്നിവര്‍ സംസാരിച്ചു.