സംസ്ഥാനത്തെ ഭിന്നശേഷി വിഭാഗങ്ങളുടെ ക്ഷേമവും സംരക്ഷണവും ലക്ഷ്യമിട്ട് സർക്കാർ നടപ്പാക്കുന്ന സഹജീവനം ഭിന്നശേഷി സഹായകേന്ദ്ര പദ്ധതിക്ക് തുടക്കമാകുന്നു.
തനിച്ചല്ല നിങ്ങൾ, ഒപ്പമുണ്ട് ഞങ്ങൾ എന്ന സന്ദേശമുയർത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. വിദ്യാഭ്യാസം, തദ്ദേശസ്വയംഭരണം, വനിത ശിശു വികസന വകുപ്പ് എന്നിവയുടെ കൂടി സഹകരണത്തോടെയാണ് സാമൂഹ്യനീതി വകുപ്പ് പദ്ധതി.

ഭിന്നശേഷിക്കാരുടേയും കുടുംബത്തിന്റെയും മാനസികാരോഗ്യ സംരക്ഷണത്തിനായുള്ള കൗൺസിലിംഗ് റഫറൽ സേവനങ്ങൾ, കോവിഡ്, പ്രളയം പോലുള്ള പ്രകൃതി ദുരന്തങ്ങളിൽ നിന്നുള്ള സംരക്ഷണം, ഭിന്നശേഷിക്കാരെ പരിചരിക്കുന്ന രക്ഷിതാക്കൾ കോവിഡ് ബാധിതരാകുന്ന സാഹചര്യത്തിൽ ഭിന്നശേഷിക്കാർക്ക് സുരക്ഷിതമായ താമസ സൗകര്യം ഒരുക്കാൻ ക്രമീകരണങ്ങൾ ചെയ്യുന്നതിന് സഹായം ലഭ്യമാക്കൽ, ഭിന്നശേഷിക്കാരുടെ വാക്സിനേഷൻ നടപടികൾ ഉറപ്പ് വരുത്തൽ, മരുന്ന്, ഭക്ഷണം മുതലായവ ലഭ്യമാക്കാൻ സന്നദ്ധ സംഘടനകളുടെ സേവനം ഉറപ്പാക്കൽ എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ.

എല്ലാ ഗ്രാമ പഞ്ചായത്തുകളിലും, മുനിസിപ്പാലിറ്റികളിലും, കോർപ്പറേഷനുകളിലും മൂന്ന് വീതം വളണ്ടിയർമാരെയും എല്ലാ ബ്ലോക്ക് തല സഹായ കേന്ദ്രങ്ങളിലും മൂന്ന് വളണ്ടിയർമാരെയും ആവശ്യമായ പരിശീലനം നൽകി സജ്ജരാക്കിയിട്ടുണ്ട്. സംസ്ഥാനത്തെ സ്പെഷ്യൽ സ്‌കൂളുകൾ, ബഡ്സ് സ്‌കൂളുകൾ എന്നിവിടങ്ങളിലെ അദ്ധ്യാപകരെയും, സമഗ്ര ശിക്ഷ കേരളയുടെ ബി.ആർ.സി കളിലെ സ്പെഷ്യൽ എഡുക്കേറ്റർമാരെയുമാണ് വളണ്ടിയർമാരായി തെരഞ്ഞെടുത്തിരിക്കുന്നത്. ഇത്തരത്തിൽ 3000 വളണ്ടിയർമാർ പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കും.പഞ്ചായത്ത് തലത്തിൽ ഒരു വളണ്ടിയർ ഒരു ദിവസം അഞ്ച് ഭിന്നശേഷിക്കാരെ ഫോണിൽ ബന്ധപ്പെട്ട് വിവരങ്ങൾ തിരക്കുകയും, കൂടുതൽ സേവനം ആവശ്യമുള്ളവരെ ബ്ലോക്ക് തല കേന്ദ്രങ്ങളുമായി ബന്ധപ്പെടുത്തുകയും സേവനം ലഭ്യമാകുന്നു എന്ന് ഉറപ്പ് വരുത്തുകയും ചെയ്യും.

പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ആഗസ്റ്റ് രണ്ടിന് വൈകിട്ട് അഞ്ചിന് ഓൺലൈനിൽ നിർവഹിക്കും. സാമൂഹ്യനീതി മന്ത്രി ഡോ. ആർ. ബിന്ദു അധ്യക്ഷത വഹിക്കും.
ഉദ്ഘാടന ചടങ്ങിൽ മന്ത്രിമാരായ വി. ശിവൻകുട്ടി, എം. വി. ഗോവിന്ദൻ, വീണ ജോർജ്ജ് എന്നിവർ സംസാരിക്കും. ഉദ്ഘാടന ചടങ്ങിന് മുന്നോടിയായി ഭിന്നശേഷി കുട്ടികൾ അവതരിപ്പിച്ച കലാപരിപാടികളുടെ പ്രദർശനവും നടക്കും. facebook.com/sjd.suneethi,youtube.com/c/SocialJusticeKeralaഎന്നീ ലിങ്കുകൾ മുഖേന ചടങ്ങിൽ പങ്കെടുക്കാം.