എറണാകുളം: 45 വയസിനു മുകളിൽ പ്രായമുള്ള അർഹരായ എല്ലാ ആളുകൾക്കും ആദ്യ ഡോസ് വാക്‌സിൻ നൽകി കോവിഡ് പ്രതിരോധത്തിന്റെ പുതിയ മാതൃക തീർക്കുകയാണ് മാറാടി, ചെല്ലാനം പഞ്ചായത്തുകളും പിറവം മുൻസിപ്പാലിറ്റിയും. കഴിഞ്ഞ മൂന്നു മാസത്തിനിടയിൽ കോവിഡ് പോസിറ്റീവ് ആയവർ, വാക്‌സിൻ സ്വീകരിക്കാൻ സന്നദ്ധത ഇല്ലാത്തവർ തുടങ്ങിയവർ ഒഴികെ എല്ലാ ആളുകൾക്കും ആദ്യ ഡോസ് വാക്‌സിൻ നൽകി കഴിഞ്ഞു. ആരോഗ്യ പ്രവർത്തകർ ആശ പ്രവർത്തകർ, ജനപ്രതിനിധികൾ, പൊതുപ്രവർത്തകർ എന്നിവരുടെ കൂട്ടായ പ്രവർത്തന ഫലമാണ് എല്ലാ ആളുകൾക്കും വാക്‌സിൻ ലഭ്യമാവാൻ കാരണം.

കോവിഡ് വ്യാപനം രൂക്ഷമായ ചെല്ലാനം മേഖലയിൽ വാക്‌സിനേഷൻ നൽകാൻ നിരവധി ക്യാമ്പുകൾ സംഘടിപ്പിച്ചിരുന്നു. ഇതിന് പുറമെ ജില്ലയിലെ എസ്. സി, എസ്. ടി കോളനികൾ, പാലിയേറ്റിവ് രോഗികൾ, എന്നിവർക്കായി പ്രത്യേക ക്യാമ്പുകൾ സംഘടിപ്പിച്ചിരുന്നു.
വാർഡ് തലത്തിൽ ആശ പ്രവർത്തകരുടെ സഹായത്തോടെ 45 വയസിനു മുകളിൽ ഉള്ള ആളുകളെ കണ്ടെത്തി വാക്‌സിനേഷൻ നടപടികൾക്കാവശ്യമായ പ്രവർത്തനങ്ങൾ നടത്തിയിരുന്നു.

പാമ്പാക്കുട, വാളകം പഞ്ചായത്തുകളും 45 വയസിനു മുകളിലുള്ള 95% ഇൽ അധികം ആളുകൾക്ക് ആദ്യ ഡോസ് വാക്‌സിൻ നൽകി കഴിഞ്ഞിട്ടുണ്ട്.