മലപ്പുറം: പൊന്നാനി ഹാര്‍ബറില്‍ മത്സ്യത്തൊഴിലാളികള്‍ക്കായി നിര്‍മ്മിക്കുന്ന ഫ്‌ളാറ്റ് സമുച്ചയത്തിലെ ടൈല്‍ പതിക്കല്‍ പ്രവൃത്തി ഉടന്‍ ആരംഭിക്കും. പ്രവൃത്തിക്കായുള്ള ഭരണാനുമതിയും സാങ്കേതിക അനുമതിയും ലഭിച്ചു. മുന്‍ എം.എല്‍.എ പി. ശ്രീരാമകൃഷ്ണന്റെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 99 ലക്ഷം രൂപ ചെലവഴിച്ചാണ് ടൈല്‍ പതിക്കല്‍ പ്രവൃത്തി നടപ്പാക്കുന്നത്. പുനര്‍ഗേഹം പദ്ധതിയിലൂടെ നിര്‍മ്മിക്കുന്ന ഫ്‌ളാറ്റ് സമുച്ചയത്തില്‍ ടൈല്‍ പതിക്കല്‍, വൈദ്യുതി- ജലവിതരണം എന്നീ പ്രവര്‍ത്തികള്‍ മാത്രമാണ് ഇനി പൂര്‍ത്തീകരിക്കാനുള്ളത്.

മത്സ്യത്തൊഴിലാളികളുടെ പുനരധിവാസത്തിനായി ഒരു ഫ്‌ളാറ്റിന് 10 ലക്ഷം നിരക്കില്‍ 12.8 കോടി രൂപ ചെലവഴിച്ചാണ് 128 ആധുനിക ഫ്‌ളാറ്റുകളുടെ നിര്‍മ്മാണം. ഹാര്‍ബറിന്റെ രണ്ടേക്കര്‍ സ്ഥലത്ത് 16 ബ്ലോക്കുകളില്‍ 530 സ്‌ക്വയര്‍ ഫീറ്റിലാണ് 128 ഫ്‌ളാറ്റുകള്‍ ഒരുങ്ങുന്നത്. രണ്ട് ബെഡ് റൂം, ലിവിങ് റൂം, ഡൈനിംഗ് ഹാള്‍, ബാത്ത് റൂം എന്നി സൗകര്യങ്ങളാണ് ഒരോ ഫ്‌ളാറ്റിലുമുണ്ടാകുക. കുട്ടികള്‍ക്ക് പഠിക്കാനുളള സൗകര്യവും മത്സ്യത്തൊഴിലാളികള്‍ക്ക് ഉപകരണങ്ങള്‍ സൂക്ഷിക്കാനും സജ്ജീകരണങ്ങളുണ്ട്. പുനര്‍ഗേഹം പദ്ധതിയിലൂടെ 100 കുടുംബങ്ങള്‍ക്കുള്ള ഫ്‌ളാറ്റ് സമുച്ചയം കൂടി നിര്‍ദ്ദിഷ്ട പദ്ധതി സ്ഥലത്ത് നിര്‍മിക്കാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ട്.